അവസാന ഓവറുകളില്‍ കത്തികയറിയ റാഷിദ് ഖാനാണ് (10 പന്തില്‍ പുറത്താവാതെ 19) അഫ്ഗാന്റെ സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്.
സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരത്തില്‍ 115 റണ്‍സില്‍ ഒതുങ്ങിയിട്ടും എട്ട് റണ്‍സിന്റെ വിജയം സ്വന്തമാക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എങ്കിലും ബംഗ്ലാദേശ് 17.5 ഓവറില്‍ എല്ലാവരും പുറത്തായി. 12.1 ഓവറില്‍ ജയിച്ചിരുന്നെങ്കില്‍ ബംഗ്ലാദേശിനും സെമി കടക്കാമായിരുന്നു. പിന്നീടുള്ള ഓവറുകളിലാണ് ബംഗ്ലാദേശ് മത്സരം ജയിക്കുന്നതെങ്കില്‍ ഓസട്രേലിയയും സെമിയിലെത്തുമായിരുന്നു. എന്നാല്‍ അഫ്ഗാന്‍ പോരാട്ടവീര്യം കാണിച്ചപ്പോള്‍ ചരിത്രത്തിലാദ്യമായി ടീം ടി20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു.
അവസാന ഓവറുകളില്‍ കത്തികയറിയ റാഷിദ് ഖാനാണ് (10 പന്തില്‍ പുറത്താവാതെ 19) അഫ്ഗാന്റെ സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്. എന്നാല്‍ അവസാന ഓവറില്‍ റാഷിദിന് സഹതാരം കരിം ജനാതിനെ നേരെ ബാറ്റ് വലിച്ചെറിയേണ്ട സാഹചര്യം കൂടിയുണ്ടായി. തന്‍സിം ഹസന്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്നാം പന്തിലാണ് സംഭവം. മൂന്നാം പന്തില്‍ റാഷിദ് ഹെലികോപ്റ്റര്‍ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ പന്ത് വായുവില്‍ ഉയരുകയാണുണ്ടായത്. ബംഗ്ലാദേശിന് ക്യാച്ചെടുക്കാനായതുമില്ല. ഇതിനിടെ അഫ്ഗാന്‍ ഒരു റണ്‍ ഓടി. രണ്ടാം റണ്ണിനായി റാഷിദ് ക്രീസ് വിട്ടു. എന്നാല്‍ ജനാത് ഓടിയതുമില്ല. പിച്ചിന്റെ പകുതിയോളമെത്തിയ റാഷിദ് ദേഷ്യത്തോടെ ബാറ്റ് വലിച്ചെറിഞ്ഞ് ക്രീസിലേക്ക് തിരിച്ചോടുകയായിരുന്നു. വീഡിയോ കാണാം...
അഫ്ഗാന്റെ കുഞ്ഞന്‍ സ്‌കോറിനെതിരെ മോശമായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. തന്‍സിദ് ഹസന്‍ (0), നജ്മുല്‍ ഹുസൈന്‍ ഷാന്റെ (5), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവര്‍ 23 റണ്‍സിനിടെ പുറത്തായി. തൗഹിദ് ഹൃദോയ് (14), സൗമ്യ സര്‍ക്കാര്‍ (10) എന്നിവരും വിക്കറ്റ് നല്‍കിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. 12.1 ഓവറില്‍ ജയിക്കുകയെന്ന് പിന്നീട് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. അടുത്തടുത്ത പന്തുകളില്‍ മഹ്മുദുള്ള (6), റിഷാദ് ഹുസൈന്‍ (0) എന്നിവരെ പുറത്താക്കി റാഷിദ് ഖാന്‍, അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പിന്നീടുള്ള പ്രതീക്ഷ ലിറ്റണ്‍ ദാസില്‍ (49 പന്തില്‍ പുറത്താവാതെ 54) മാത്രമായിരുന്നു. എന്നാല്‍ തസ്നിം ഹസനെ (3) ഗുല്‍ബാദിന്‍ നെയ്ബും ടസ്‌കിന്‍ അഹമ്മദ് (2), മുസ്തഫിസുര്‍ റഹ്മാന്‍ (0) എന്നിവരെ നവീന്‍ ഉല്‍ ഹഖും മടക്കിയതോടെ ബംഗ്ലാദേശ് തീര്‍ന്നു.

