ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും ഒരു റണ്ണൗട്ടിലൂടെ ജഡേജ ശ്രദ്ധാകേന്ദ്രമായി. പവര്‍പ്ലേയിലെ അവസാന പന്തിലാണ് നേരിട്ടുള്ള ഏറിലൂടെ ജഡേജ ഹോങ്കോങ് താരം നിസാഖത് ഖാനെ പുറത്താക്കുന്നത്.

മുംബൈ: ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബാറ്റിംഗും ബൗളിംഗും പുറമെ ഫീല്‍ഡിംഗിലും താരം മികച്ച പ്രകടനം പുറത്തെടുക്കുന്നു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു താരം. 35 റണ്‍സെടുക്കുന്നതിനൊപ്പം ഒരു വിക്കറ്റ് വീഴ്ത്താനും താരത്തിനായി. കഴിഞ്ഞ ദിവസം ഹോങ്കോങ്ങിനെതിരെ ഒരു വിക്കറ്റും വീഴ്ത്തി.

ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും ഒരു റണ്ണൗട്ടിലൂടെ ജഡേജ ശ്രദ്ധാകേന്ദ്രമായി. പവര്‍പ്ലേയിലെ അവസാന പന്തിലാണ് നേരിട്ടുള്ള ഏറിലൂടെ ജഡേജ ഹോങ്കോങ് താരം നിസാഖത് ഖാനെ പുറത്താക്കുന്നത്. ഫ്രീഹിറ്റ് ബോളായിരുന്നു അത്. എന്നാല്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്ത് മുതലാക്കാന്‍ നിസാഖത്തിനായില്ല. പന്ത് ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജഡേജയുടെ കൈകളിലേക്ക്. 

ഇതിനിടെ നിസാഖത് ക്രീസ് വിട്ടിറങ്ങിയിരുന്നു. ഞൊടിയിടയില്‍ ജഡേജ സ്റ്റംപിലേക്കെറിഞ്ഞു. നിസാഖത്തിന്റെ ബാറ്റ് ക്രീസിലെത്തും മുമ്പ് സ്റ്റംപ് ഇളകിയിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

ജഡേജയുടെ ഫീല്‍ഡിംഗിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും രംഗത്തെത്തി. ജഡേജയുടെ കയ്യിലേക്കാണ് പന്ത് പോയതെന്ന് അറിഞ്ഞത് മുതല്‍ ബാറ്റ്‌സ്മാന്‍ കുഴപ്പത്തിലായെന്ന് വസിം ട്വിറ്ററില്‍ കുറിച്ചിട്ടു. കൂടെ ജഡേജ എറിയുന്ന ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. ട്വീറ്റ് വായിക്കാം.

Scroll to load tweet…

മത്സരത്തില്‍ 40 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ- വിരാട് കോലി കൂട്ടുകെട്ടിന്റെ കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.