റിങ്കുവിന് നഷ്ടമായത് ആറ് റണ്‍സാണ്. കൂടെ അവസാന പന്തില്‍ ഇന്ത്യയെ സിക്‌സടിച്ച് ജയിപ്പിക്കാനായെന്ന പേരും. എങ്കിലും റിങ്കുവിന്റെ ഹീറോയീസത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ടീം തോല്‍ക്കുമെന്നിരിക്കെയാണ് റിങ്കുവിന്റെ ഹീറോയിസം.
വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ രണ്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇന്‍ഗ്ലിന്റെ (50 പന്തില്‍ 110) സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് (42 പന്തില്‍ 80) ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ (39 പന്തില്‍ 58) മികച്ച പ്രകടനം പുറത്തെടുത്തു. 14 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റിങ്കു സിംഗാണ് വിജയം പൂര്‍ത്തിയാക്കിയത്. അവസാന പന്തില്‍ റിങ്കു സിക്‌സ് നേടിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. സിക്‌സിന് മുമ്പ് ഇന്ത്യ വിജയം പൂര്‍ത്തിയാക്കുകയായിരിന്നു.
റിങ്കുവിന് നഷ്ടമായത് ആറ് റണ്‍സാണ്. കൂടെ അവസാന പന്തില്‍ ഇന്ത്യയെ സിക്‌സടിച്ച് ജയിപ്പിക്കാനായെന്ന പേരും. എങ്കിലും റിങ്കുവിന്റെ ഹീറോയീസത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ടീം തോല്‍ക്കുമെന്നിരിക്കെയാണ് റിങ്കുവിന്റെ ഹീറോയിസം. 14 പന്തില്‍ 22 റണ്‍സുമായി താരം പുറത്താവാതെ നിന്നു. അവസാന രണ്ട് ഓവറില്‍ 14 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ ഏഴ് റണ്‍സ് പിറന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ്. സീന്‍ അബോട്ടിന്റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി റിങ്കു സമ്മര്‍ദ്ദം കുറച്ചു.
അടുത്ത പന്തില്‍ ബൈ ഇനത്തിലൂടെ ഒരു റണ്‍. അടുത്ത പന്തില്‍ അക്‌സര്‍ പുറത്ത്. നാലാം പന്തില്‍ രവി ബിഷ്‌ണോയ് (0) റണ്ണൗട്ടായി. അപ്പോഴേക്കും റിങ്കു ബാറ്റിംഗ് എന്‍ഡിലെത്തിയിരുന്നു. അഞ്ചാം പന്തില്‍ ഒരു റണ്‍സ്. രണ്ടാം റണ്‍സെടുക്കുന്നതിനിടെ അര്‍ഷ്ദീപ് സിംഗ് (0) റണ്ണൗട്ടായി. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍. സീന്‍ അബോട്ട് നോബോളെറിഞ്ഞതോടെ ഇന്ത്യയുടെ വിജയം പൂര്‍ത്തിയായി. റിങ്കു സിക്‌സ് നേടിയെങ്കിലും അതിന് മുമ്പ് ഇന്ത്യ ജയിച്ചിരുന്നു.മുകേഷ് കുമാര്‍ (0) പുറത്താവാതെ നിന്നു. റിങ്കുവിന്റെ അവസാന സിക്‌സ് കാണാം...
നേരത്തെ, ഓസീസിന് ഭേദപ്പട്ട തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സുള്ളപ്പോള്‍ മാത്യു ഷോര്‍ട്ടിന്റെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. രവി ബിഷ്ണോയിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് ഇന്‍ഗ്ലിസ് - സ്മിത്ത് സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും 131 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സ്മിത്ത് റണ്ണൗട്ടായി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് ഓപ്പണറുടെ ഇന്നിംഗ്സ്.
അധികം വൈകാതെ ഇന്‍ഗ്ലിസ് സെഞ്ചുറി പൂര്‍ത്തിയാക്കി. പതിനെട്ടാം ഓവറിലാണ് താരം മടങ്ങുന്നത്. പ്രസിദ്ധിന്റെ പന്തില്‍ യഷസ്വി ജെയ്സ്വാളിന് ക്യാച്ച്. 50 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും 11 ഫോറും നേടിയിരുന്നു. മാര്‍കസ് സ്റ്റോയിനിസ് (19) ടിം ഡേവിഡ് (8) സഖ്യം സ്‌കോര്‍ 200 കടത്തി. ബിഷ്ണോയ് നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തു. പ്രസിദ്ധിന് 50 റണ്‍സും വഴങ്ങേണ്ടിവന്നു. ഇരുവരും ഓരോ വിക്കറ്റും വീഴ്ത്തി.
