ലഞ്ചിന് ശേഷം നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് മടങ്ങുകയായിരുന്നു. സ്റ്റോക്‌സ് എറിഞ്ഞ പന്തിന്റെ ഗതി മനസിലാക്കാന്‍ പോലും രോഹിത്തിന് സാധിച്ചില്ല.
ധരംശാല: ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പന്തെറിയുന്ന കാര്യത്തില്‍ സംശയുമാണ്ടായിരുന്നു. പരമ്പരയ്ക്ക് മുമ്പ് തന്നെ അദ്ദേഹം പന്തെറിയുന്നില്ലെന്നുള്ള കാര്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ധരംശാലയിലെത്തിയപ്പോള്‍ സ്‌റ്റോക്‌സ് പന്തെടുത്തു. രണ്ടാം ദിനം ലഞ്ചിന് ശേഷമാണ് സ്റ്റോക്‌സ് പന്തെറിയാന്‍ തീരുമാനിച്ചത്. അതിന്റെ ഫലം ആദ്യ പന്തില്‍ തന്നെ ലഭിക്കുകയും ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ്!
ലഞ്ചിന് ശേഷം നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് മടങ്ങുകയായിരുന്നു. സ്റ്റോക്‌സ് എറിഞ്ഞ പന്തിന്റെ ഗതി മനസിലാക്കാന്‍ പോലും രോഹിത്തിന് സാധിച്ചില്ല. ഇന്ത്യന്‍ ക്യാപ്റ്റന്റെ ഓഫ് സ്റ്റംപ് തെറിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം...
ചില നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് രോഹിത് മടങ്ങിയത്. 2021ന് ശേഷം ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടാന്‍ രോഹിത്തിനായി. ആറ് സെഞ്ചുറികളായി രോഹിത്തിന്. ശുഭ്മാന്‍ ഗില്‍ (4), രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ (3) എന്നിവര്‍ പിന്നില്‍. ഓപ്പണറായി കളിച്ച് ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ ഒരാളാവാനും രോഹിത്തിന് സാധിച്ചു. രോഹിത്തിനും ഗവാസ്‌ക്കര്‍ക്കും നാല് സെഞ്ചുറി വീതമായി. മൂന്ന് സെഞ്ചുറികള്‍ വീതമുള്ള വിജയ് മര്‍ച്ചന്റ്, മുരളി വിജയ്, കെ എല്‍ രാഹുല്‍ എന്നിവര്‍ പിന്നില്‍.
മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറായി കളിച്ച് ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരമാവാനും രോഹിത്തിന് സാധിച്ചു. ഇപ്പോല്‍ 43 സെഞ്ചുറികളുണ്ട് രോഹിത്തിന്. ഡേവിഡ് വാര്‍ണര്‍ (49), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (49) എന്നിവര്‍ രോഹിത്തിന് പിന്നില്‍.

