കൊള്ളാം ഡികെ, നിങ്ങളെന്തായാലും ലോകകപ്പ് കളിക്കണം! കാര്‍ത്തികിനെ പ്രലോഭിപ്പിച്ച് രോഹിത് ശര്‍മ -വീഡിയോ
ഇന്നലെ മുംബൈ പേസര്‍ ആകാശ് മധ്‌വാളിനെതിരെ 16-ാം ഓവറില്‍ നാല് ബൗണ്ടറികളാണ് കാര്‍ത്തിക് പായിച്ചത്. അത് നാലും തേര്‍ഡ്മാനിലേക്ക്.
മുംബൈ: ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ഓസ്ട്രേലിയയില്‍ നടന്ന 2022 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ദിനേശ് കാര്‍ത്തിക് ഇടം നേടിയിരുന്നു. ഇത്തവണയും വെറ്ററന്‍ ക്രിക്കറ്റ് താരം മികച്ച ഫോമിലാണ് താരം. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 23 പന്തില്‍ 53 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടും. എന്നാല്‍ ഈ ഐപിഎല്‍ തന്റെ അവസാനത്തേതാണെന്ന് കാര്‍ത്തിക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ മുംബൈ പേസര്‍ ആകാശ് മധ്‌വാളിനെതിരെ 16-ാം ഓവറില്‍ നാല് ബൗണ്ടറികളാണ് കാര്‍ത്തിക് പായിച്ചത്. അത് നാലും തേര്‍ഡ്മാനിലേക്ക്. ഫീല്‍ഡര്‍മാരെ നിര്‍ത്തിയിട്ടും കാര്‍ത്തിക് കൃത്യമായ വിടവ് കണ്ടെത്തി. 19-ാം ഓവറില്‍ ജസ്പ്രിത് ബുമ്രയ്‌ക്കെതിരെ ഒരു സിക്‌സ് പായിക്കാനും കാര്‍ത്തികിന് സാധിച്ചിരുന്നു. അവസാന ഓവറില്‍ ആകാശിനെതിരെ രണ്ട് സിക്‌സും ഒരു ഫോറും പറത്തി കാര്‍ത്തിക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. കാര്‍ത്തികിന്റെ ചില ഷോട്ടുകള്‍ കാണം...
ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രോഹിത് കാര്‍ത്തികിനോട് പറയുന്നത് സ്റ്റംപ് മൈക്കില്‍ പതിയുകയായിരുന്നു. രോഹിത് പറഞ്ഞതിങ്ങനെ.. ''കൊള്ളാം ഡികെ! ടി20 ലോകകപ്പില്‍ ഇടം നേടാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു. നിങ്ങളെന്തായാലും ലോകകപ്പ് കളിക്കണം.'' രോഹിത് കയ്യടിച്ചുകൊണ്ട് തമാശയോടെ പറഞ്ഞു. വീഡിയോ കാണാം...
മത്സരത്തില്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈ 15.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 52) എന്നിവരാണ് മുംബൈയുടെ രണ്ടാംജയം എളുപ്പമാക്കിയത്.