ഇപ്പോഴും എന്താ ടൈമിംഗ്! കാണാം പ്രതാപകാലത്തെ ഓര്‍മിപ്പിച്ച സച്ചിന്റെ അപ്പര്‍ കട്ട്
ആറാം ഓവറില്‍ വിന്‍ഡീസിന്റെ ജെറോം ടെയ്‌ലര്‍ക്കെതിരെയായിരുന്നു സച്ചിന്റെ അപ്പര്‍ കട്ട്. അപ്പര്‍ കട്ട് മാത്രമല്ല, അതിന് തൊട്ടുമുമ്പ് കളിച്ച ഷോട്ടും സച്ചിന്റെ ക്ലാസ് തെളിയിക്കുന്നതായിരുന്നു.

റായ്പൂര്‍: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അപ്പര്‍ കട്ട്. ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സച്ചിന്‍ തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിച്ചത്. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിന്‍ഡീസിനെതിരെ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ സച്ചിന്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ സാധിച്ചു. 18 പന്തില്‍ 25 റണ്‍സുമായി സച്ചിന്‍ മടങ്ങി. ടിനോ ബെസ്റ്റിന്റെ പന്തില്‍ ഫൈന്‍ ലെഗില്‍ ചാഡ്‌വിക്ക് വാള്‍ട്ടണ് ക്യാച്ച്. ഒന്നാം വിക്കറ്റില്‍ 67 റണ്‍സ് ചേര്‍ത്ത ശേഷമാണ് സച്ചിന്‍ മടങ്ങിയത്. അമ്പാട്ടി റായുഡു (55), ഗുര്‍കീരത് മന്‍ (14) എന്നിവരാണിപ്പോള്‍ ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ ഒരു നഷ്ടത്തില്‍ 95 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ.
ആറാം ഓവറില്‍ വിന്‍ഡീസിന്റെ ജെറോം ടെയ്‌ലര്‍ക്കെതിരെയായിരുന്നു സച്ചിന്റെ അപ്പര്‍ കട്ട്. അപ്പര്‍ കട്ട് മാത്രമല്ല, അതിന് തൊട്ടുമുമ്പ് കളിച്ച ഷോട്ടും സച്ചിന്റെ ക്ലാസ് എവിടേയും പോയിട്ടില്ലെന്ന് വിളിച്ചുപറയുന്നതായിരുന്നു. റായ്പൂരില്‍ ഹൗസ്ഫുള്‍ കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു സച്ചിന്റെ പ്രകടനം. സച്ചിന്റെ ഷോട്ടുകളുടെ വീഡിയോ കാണാം.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ ലെന്‍ഡല്‍ സിമോണ്‍സ് (41 പന്തില്‍ 57), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46) എന്നിവരുടെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി വിനയ് കുമാര്‍ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി. ഏഴ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി.
ഭേദപ്പെട്ട തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. ബ്രയാന്‍ ലാറ (6) - സ്മിത്ത് സഖ്യം ഒന്നാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ ലാറയെ പുറത്താക്കി വിനയ് കുമാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഗള്ളിയില്‍ പവന്‍ നേഗിക്കായിരുന്നു ക്യാച്ച്. ഏഴാം ഓവറില്‍ വില്യം പെര്‍ക്കിന്‍സ് (6) മടങ്ങി. നദീമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അധികം വൈകാതെ അപകടകാരിയായ സ്മിത്തിനെ തിരിച്ചയക്കാനും നദീമിന് സാധിച്ചു. രണ്ട് സിക്‌സും ആറ് ഫോറും നേടിയ താരത്തെ നദീം ബൗള്‍ഡാക്കി. ഇതോടെ മൂന്നിന് 67 എന്ന നിലയിലായി വിന്‍ഡീസ്.
രവി രാംപോള്‍ (2), ചാഡ്‌വിക്ക് വാള്‍ട്ടണ്‍ (6) എന്നിവര്‍ നിരാശപ്പെടുത്തി. ഒരറ്റത്ത് സിമോണ്‍സ് പിടിച്ചുനിന്നത് മാത്രമാണ് വിന്‍ഡീസിന് ആശ്വാസമായത്. അവസാന ഓവറിലാണ് സിമോണ്‍സ് മടങ്ങുന്നത്. 41 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും അഞ്ച് ഫോറും നേടി. വിനയ് കുമാറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ അഷ്‌ലി നഴ്‌സും (1) വിനയ് കുമാറിന്റെ പന്തില്‍ പുറത്തായി. ധനേഷ് രാംദിന്‍ (12) പുറത്താവാതെ നിന്നു.\
