ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സമിത് ദ്രാവിഡ്; വീഡിയോ കാണാം
ഏഴ് ഇന്നിംഗ്സുകള്‍ കളിച്ചപ്പോള്‍ 82 റണ്‍സ് മാത്രമാണ് സമ്പാദ്യം. 114 സ്ട്രൈക്ക് റേറ്റിലാണ് ഇന്ത്രയും റണ്‍സ്.
ബെംഗളൂരു: ഓസ്ട്രേലിയ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെതിരെ നടക്കുന്ന ഏകദിന - ചതുര്‍ദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിനേയും ഉള്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി പുതുച്ചേരിയിലാണ് മത്സരം. പേസ് ഓള്‍ റൗണ്ടറായ സമിത് രണ്ട് ടീമിലും ഉള്‍പ്പെട്ടു. ആദ്യമായിട്ടാണ് താരം ഇന്ത്യന്‍ ജൂനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ കര്‍ണാടക ക്രിക്കറ്റ് അസോസേയിഷന്റെ മഹാരാജ ട്രോഫിയില്‍ (മുമ്പ് കര്‍ണാടക പ്രീമിയര്‍ ലീഗ്) മൈസൂരു വാരിയേഴ്സിനുവേണ്ടിയാണ് കളിക്കുന്നത്.
എന്നാല്‍ മഹാരാജ ട്രോഫിയില്‍ മോശം പ്രകടനമായിരുന്നു സമിത്തിന്റേത്. എന്നിട്ടും എങ്ങനെ താരം അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെത്തിയെന്നുള്ളതാണ് പ്രധാന ചോദ്യം. മഹാരാജ ട്രോഫിയില്‍ സമിത്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ഏഴ് ഇന്നിംഗ്സുകള്‍ കളിച്ചപ്പോള്‍ 82 റണ്‍സ് മാത്രമാണ് സമ്പാദ്യം. 114 സ്ട്രൈക്ക് റേറ്റിലാണ് ഇന്ത്രയും റണ്‍സ്. 40നപ്പുറമുള്ള ഒരു സ്‌കോറ് പോലും നേടാന്‍ സമിത്തിന് സാധിച്ചിരുന്നില്ല. ഇപ്പോള്‍ ടീമിലെത്തിയ ശേഷം ആദ്യമായി പ്രതികരിക്കുകയാണ് സമിത്. വീഡിയോയില്‍ സമിത് പറയുന്നതിങ്ങനെ. ''ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ട്, നിങ്ങളുടെ എല്ലാ ആശംസകള്‍ക്കും നന്ദി. എനിക്ക് വലിയ സന്തോഷം തോന്നുന്നു. ഇത്തരമൊരു നിമിഷത്തിനായി വലിയ രീതിയിലുള്ള കഠിനാധ്വാനം ചെയ്തിരുന്നു.'' സമിത് പറഞ്ഞു. വീഡിയോ കാണാം...
മഹാരാജ ട്രോഫിയില്‍ 24 പന്തില്‍ നേടിയ 33 റണ്‍സാണ് സമിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 7(9), 7(7), 16(12), 2(5), 12(9), 5(6) എന്നിങ്ങനെയാണ് സമിത്തിന്റെ സ്‌കോറുകള്‍. എന്നിട്ടും എങ്ങനെയാണ് സമിത് ഇന്ത്യന്‍ ടീമിലെത്തിയെന്നാണ് പ്രധാന ചോദ്യം. ദ്രാവിഡിന്റെ മകനായതുകൊണ്ട് സ്ഥാനം നല്‍കിയതാണോ എന്നും ക്രിക്കറ്റ് ലോകം ചോദിക്കുന്നു.
എന്നാല്‍ വ്യക്തമായ കാരണങ്ങള്‍കൊണ്ട് തന്നെയാണ് സമിത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷമാദ്യം കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടക ചാമ്പ്യന്‍മാരായപ്പോള്‍ സമിതിന്റെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായകമായിരുന്നു. 10 ഇന്നിംഗ്സില്‍ നിന്ന് 362 റണ്‍സാണ് സമിത്തിന്റെ സമ്പാദ്യം. 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികള്‍ താരം സ്വന്തമാക്കി. 36.20 ശരാശരിയില്‍ സ്‌കോര്‍ ചെയ്യാന്‍ സമിത്തിന് സാധിച്ചിരുന്നു. 16 വിക്കറ്റുമായി ബൗളിംഗിലും തിളങ്ങി സമിത്.