ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ സഞ്ജു സാംസണിന്റെ മിന്നൽ സ്റ്റംപിങ്, എം എസ് ധോണിയുടെ പഴയ സ്റ്റംപിങ്ങിനെ ഓർമ്മിപ്പിച്ചത് ചർച്ചയായി.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ഓപ്പണര്‍ സായ് സുദര്‍ശന്റെ ബാറ്റിംഗാണ് ഗുജറാത്തിന് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ നടത്തിയ മിന്നല്‍ പ്രകടനം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഗുജറാത്ത് ഇന്നിംഗ്സിലെ ഏഴാം ഓവറില്‍ സിഎസ്‌കെ സ്പിന്നര്‍ നൂര്‍ അഹമ്മദ് എറിഞ്ഞ പന്ത് ലെഗ് സ്റ്റംപിന് പുറത്ത് വൈഡായിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ ഫ്‌ളിക്ക് ശ്രമം പാളിയപ്പോഴേക്കും നിമിഷങ്ങള്‍ക്കുള്ളില്‍ സഞ്ജു ബെയില്‍സ് തെറിപ്പിച്ചു. ഇതിഹാസ താരം എം എസ് ധോണിയുടെ സ്റ്റമ്പിംഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു സഞ്ജുവിന്റെ ഈ നീക്കം. സോഷ്യല്‍ മീഡിയ ഇക്കാര്യം അത്തരത്തില്‍ താരതമ്യം ചെയ്താണ് ചര്‍ച്ച ചെയ്യുന്നത്. വീഡിയോ കാണാം...
സായ് സുദര്‍ശന്റെ വെടിക്കെട്ട്
ചെന്നൈ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. 46 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ വിജയശില്പി. നാല് ഫോറുകളും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സായ്യുടെ ഇന്നിംഗ്സ്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം (33) 58 റണ്‍സും, രണ്ടാം വിക്കറ്റില്‍ ജോസ് ബട്ട്ലര്‍ക്കൊപ്പം (പുറത്താകാതെ 39) 97 റണ്‍സും സുദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈ ഇന്നിംഗ്സ്
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ പ്രകടനം തുണയായി. 60 പന്തില്‍ നിന്ന് പുറത്താകാതെ 74 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. അവസാന ഓവറുകളില്‍ ജാമി ഓവര്‍ട്ടണ്‍ നടത്തിയ പ്രകടനം (6 പന്തില്‍ 18) ചെന്നൈയെ 150 കടത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ്: 158/7 (20 ഓവര്‍) - റുതുരാജ് ഗെയ്ക്വാദ് (74*), കാഗിസോ റബാഡ (3/25). ഗുജറാത്ത് ടൈറ്റന്‍സ്: 162/2 (16.4 ഓവര്‍) - സായ് സുദര്‍ശന്‍ (87), ശുഭ്മാന്‍ ഗില്‍ (33).

