കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഞ്ജു സാംസണ്‍ മത്സരത്തിലെ താരമായി. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കഴിഞ്ഞ ദിവസം മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഞ്ജു സാംസണ്‍. ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ ബ്ലൂ ടൈഗേഴ്‌സിനെ വിജയത്തിലേക്ക് സഞ്ജുവിന്റെ (37 പന്തില്‍ 62) ഇന്നിംഗ്‌സായിരുന്നു. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു, ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും 15-ാം ഓവര്‍ വരെ പിടിച്ചുനിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ വിനൂപ് മനോഹരനൊപ്പം 68 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ബ്ലൂ ടൈഗേഴ്സിന് മികച്ച തുടക്കം നല്‍കി.

തുടര്‍ന്ന് നാലാം വിക്കറ്റില്‍ നിഖിലിനൊപ്പം 48 റണ്‍സിന്റേയും കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു. പതിനഞ്ചാം ഓവറില്‍ അഭിജിത് പ്രവീണിന് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. റണ്‍ നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ സഞ്ജീവ് സതീഷന് ക്യാച്ച് നല്‍കുകയാണ് മടങ്ങിയത്. പിന്നീട് ഫീല്‍ഡിംഗിനെത്തിയപ്പോള്‍ ഒരു ക്യാച്ചും സഞ്ജു സ്വന്തമാക്കിയിരുന്നു. ആദ്യ കെസിഎല്‍ കളിക്കുന്ന സഞ്ജു രണ്ടാം തവണയാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടുന്നത്. കൊല്ലം, സെയ്ലേഴ്സിനെതിരായ മത്സരത്തിലും സഞ്ജുവിനായിരുന്നു പുരസ്‌കാരം. അന്ന് സെഞ്ചുറി നേടിയിരുന്നു താരം.

എന്നാല്‍ ഇത്തവണ സഞ്ജു തനിക്ക് കിട്ടിയ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ടീമിലെ മറ്റൊരു താരവുമായി പങ്കുവെക്കുയായിരുന്നു. സ്വന്തം ടീമിലെ ജോബിന്‍ ജോബിയുമായി സഞ്ജു തന്റെ പുരസ്‌കാരം പങ്കിടുകയായിരുന്നു. 10 പന്തില്‍ 26 റണ്‍സ് അടിച്ചെടുത്ത 19കാരന്‍ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇടുക്കിയില്‍ നിന്നുള്ള താരമാണ് ജോബി. കേരള അണ്ടര്‍ 19 ടീമിന്റെ ഓപ്പണറായ ജോബിന്‍. വീഡിയോ കാണാം...

View post on Instagram

നിലവില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട് ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജു. അഞ്ച് മത്സരങ്ങളില്‍ നേടിയത് 285 റണ്‍സ്. ആദ്യ മത്സരത്തില്‍ റോയല്‍സിനെതിരെ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ആലപ്പി റിപ്പിള്‍സിനെതിരെ രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 12 റണ്‍സുമായി പുറത്തായി. പിന്നീട് കൊല്ലം സെയ്ലേഴ്സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 51 പന്തില്‍ 121 റണ്‍സാണ് അടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തൃശൂര്‍ ടൈറ്റന്‍സിനെതിരെ 46 പന്തില്‍ 89 റണ്‍സും സഞ്ജു നേടി. ഇന്ന് 62 റണ്‍സും. ഒരു സെഞ്ചുറി രണ്ട് അര്‍ധ സെഞ്ചുറിയുമാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍. എന്തായാലും ഈ മിന്നുന്ന പ്രകടനം ഏഷ്യാ കപ്പിനൊരുങ്ങുന്ന താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.

YouTube video player