ബാഴ്‌സലോണ: 2016ലെ ലാ ലിഗ സീസണില്‍ സെല്‍റ്റ വിഗോയ്‌ക്കെതിരെ ലിയോണല്‍ മെസിയുടെ പെനാല്‍റ്റി അസിസ്റ്റ് ഫുട്‌ബോള്‍ ലാകം മറന്നുകാണില്ല. പെനാല്‍റ്റിയെടുക്കാന്‍ ശ്രമിച്ച മെസി പോസ്റ്റിലേക്ക് അടിക്കുന്നതിന് പകരം സുവാരസിന് പന്ത് നീക്കികൊടുക്കുകയായിരുന്നു. ഗോള്‍ നേടിയ സുവാരസ് ഹാട്രിക് പൂര്‍ത്തിയാക്കി. മുമ്പൊരിക്കല്‍ ബാഴ്‌സയുടെ തന്നെ ഇതിഹാസതാരം യോഹാന്‍ ക്രൈഫും ഇതുപോലെ പെനാല്‍റ്റി മറിച്ചുനല്‍കിയിരുന്നു. എന്നാല്‍ പാസ് തിരിച്ചുമേടിച്ച് ക്രൈഫ് തന്നെ ഗോള്‍ നേടി. 

ഇന്നലെ ലാ ലിഗയില്‍ റയല്‍ മാഡ്രിഡ്- വിയ്യാറയല്‍ മത്സരത്തിലും ഇതുപോലൊരു പെനാല്‍റ്റി അസിസ്റ്റ് ശ്രമമുണ്ടായി. 75ാം മിനിറ്റില്‍ പെനാല്‍റ്റിയെടുക്കുന്നത് സെര്‍ജിയോ റാമോസ്. എന്നാല്‍ അദ്ദേഹം പന്ത് മുന്നിലേക്ക് തട്ടിനീക്കി. ഓടിയടുത്ത കരീം ബെന്‍സേമ ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. റാമോസ് കിക്കെടുക്കുന്നതിന് മുമ്പ് ബെന്‍സേമ ബോക്‌സിലേക്ക് കയറിയതാണ് ഗോള്‍ തടയാന്‍ കാരണമായത്. പിന്നാലെ പെനാല്‍റ്റിയെടുത്ത ബെന്‍സേമ ഗോള്‍ നേടുകയും ചെയ്തു. വീഡിയോ കാണാം...