കൊല്‍ക്കത്ത: പിങ്ക് പന്തില്‍ ഫീല്‍ഡിങ് ദുഷ്‌കരമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഭിപ്രായപ്പെട്ടിരുന്നു. പിങ്ക് പന്തില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വിങ്ങും വേഗവും ലഭിക്കുമെന്നുള്ളതാണ് കോലിയെ ഇത്തരത്തില്‍ പറയിപ്പിച്ചത്. എഡ്ജ് ചെയ്തുവരുന്ന പന്തുകള്‍ കയ്യിലൊതുക്കാന്‍ വിക്കറ്റ് കീപ്പര്‍ക്കും സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ക്കും അത്ര എളുപ്പമാവില്ല. 

ഇന്ന് ബംഗ്ലാദേശിനെതിരെ ഏറെ ബുദ്ധിമുട്ടിയത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ തന്നെയായിരുന്നു. ലേറ്റ് സ്വിങ് ചെയ്തുവരുന്ന പന്തുകള്‍ കയ്യില്‍ ഒതുക്കാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടി. ഇതിനിടെ ഒരു തകര്‍പ്പന്‍ ക്യാച്ചും താരം കയ്യിലൊതുക്കി. 

മഹ്മുദുള്ളയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇശാന്തിന്റെ പന്ത് എഡ്ജ് ചെയ്തപ്പോള് സാഹ വലത്തോട് ചാടി പിടിക്കുകയായിരുന്നു. പന്ത് നിലത്തോട് താഴ്ന്നിറങ്ങുമ്പോഴായിരുന്നു സാഹയുടെ ഇടപെടല്‍. ക്യാച്ചിന്റെ വീഡിയോ കാണാം.