ഇന്ത്യൻ ടി20, ഏകദിന ടീമുകളിൽ സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് യശസ്വി ജയ്‌സ്വാൾ വിക്കറ്റ് കീപ്പിംഗ് പരിശീലനം ആരംഭിച്ചു. രഞ്ജി ട്രോഫിയിൽ ചണ്ഡിഗഡിനെതിരായ മത്സരത്തിന് മുന്നോടിയായാണ് മുംബൈ താരമായ ജയ്‌സ്വാൾ പുതിയ റോളിലേക്ക് തിരിയുന്നത്.

മുംബൈ: ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പുതിയൊരു റോളിലേക്ക് ചുവടുവയ്ക്കുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിനിടെയാണ് ജയ്‌സ്വാളിന്റെ പരീക്ഷണം. രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഡിനെ നേരിടാന്‍ മുംബൈ ടീം പരിശീലനം നടത്തിയപ്പോള്‍ ശ്രദ്ധാ കേന്ദ്രമായത് യശസ്വീ ജയ്‌സ്വാള്‍. സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ജയ്‌സ്വാള്‍ കൂടുതല്‍ സമയം ചെലവഴിച്ചത് വിക്കറ്റ് കീപ്പറുടെ റോളില്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സ്ഥിരം ഓപ്പണറായ ജയ്‌സ്വാള്‍ ഏകദിന, ട്വന്റി 20 ടീമിലും സ്ഥാനം ഉറപ്പിക്കാനാണ് വിക്കറ്റ് കീപ്പിംഗ് പരിശീലനം ഊര്‍ജിതമാക്കിയത്.

ആദ്യം രഞ്ജി ട്രോഫിയിലും പിന്നെ ഇന്ത്യന്‍ ടീമിലും കീപ്പറാവുകയാണ് ജയ്‌സ്വാളിന്റെ ലക്ഷ്യമെന്ന് മുംബൈ ക്യാപ്റ്റന്‍ സിദ്ധാര്‍ഥ് ലാഡും സ്ഥിരീകരിക്കുന്നു. 24കാരനായ ജയ്‌സ്വാള്‍ നേരത്തേ ലഗ്‌സ്പിന്‍ ബൗളിംഗിലും ശ്രദ്ധിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ എറിയാനായത് ആറോവര്‍ മാത്രം. ബൗളിംഗ് സാധ്യത കുറഞ്ഞതോടെ ഇടംകൈയന്‍ ഓപ്പണര്‍ വിക്കറ്റ് കീപ്പിംഗിലേക്ക് തിരിയുകയാണ്. വൈറ്റ്‌ബോളില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും കെ എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍മാരായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് ജയ്‌സ്വാളിന്റെ പരീക്ഷണമെന്നതും കൗതുകം.

Scroll to load tweet…

ടെസ്റ്റില്‍ റിഷഭ് പന്തിന്റെ സ്ഥാനത്തിനും ഇളക്കമുണ്ടാവില്ല. ഇതുകൊണ്ടുതന്നെ ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിക്കില്ലെന്ന് അറിയാമെങ്കിലും മള്‍ട്ടി സ്‌കില്‍ താരമായി വളരുകയാണ് ജയ്‌സ്വാളിന്റെ ലക്ഷ്യം. ഭാവിയില്‍ മള്‍ട്ടി സ്‌കില്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീം കോംപിനേഷന്‍ പരീക്ഷിക്കാനുളള സാധ്യതയാണ് ജയ്‌സ്വാള്‍ മുന്നില്‍ കാണുന്നത്.

YouTube video player