രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. അതും മനോഹരമായ ഒരു പന്തില്‍. ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 255 റണ്‍സിനാണ് പുറത്തായത്. 104 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ രക്ഷിച്ചത്. ശേഷിക്കുന്ന ആര്‍ക്കും ഫിഫ്റ്റി പോലും നേടാന്‍ സാധിച്ചില്ല. അക്‌സര്‍ പട്ടേലാണ് (45) അടുത്ത മികച്ച സ്‌കോറര്‍. ശ്രേയസ് അയ്യര്‍ (29), ആര്‍ അശ്വിന്‍ (29) എന്നിവരുടൈ ഇന്നിംഗ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്‌കോര്‍ ഇതിലും പരിതാപകരമായേനെ. ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാള്‍ (17), രോഹിത് ശര്‍മ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. അതും മനോഹരമായ ഒരു പന്തില്‍. ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 41കാന്റെ പന്ത് പ്രതിരോധിക്കുന്നതില്‍ രോഹിത് പരാജയപ്പെട്ടു. ഫലം രോഹിത്തിന്റെ ഓഫ്സ്റ്റംപ് പിച്ചിന് പുറത്തേക്ക്. വീഡിയോ കാണാം...
അതേസമയം, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. രണ്ട് ദിവസം ഒമ്പത് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 332 റണ്‍സാണ്. ബെന്‍ ഡക്കറ്റിന്റെ (28) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സാക് ക്രൗളി (29), നെറ്റ് വാച്ച്മാന്‍ റെഹാന്‍ അഹമ്മദ് (9) എന്നിവരാണ് ക്രീസില്‍. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഉണ്ടായിരുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ അതിലേക്ക് 255 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 396നെതിരെ ഇംഗ്ലണ്ട് 253ന് പുറത്താവുകയായിരുന്നു.
399 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നല്ല രീതിയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ ക്രൗളി-ഡക്കറ്റ് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇന്നത്തെ മത്സരം തീരുന്നതിന് തൊട്ടുമുമ്പ് ഡക്കറ്റിനെ അശ്വിന്‍ വീഴ്ത്തിയത് ആശ്വാസമായി. ശേഷം മൂന്ന് ഓവറുകള്‍ ക്രൗളി-റെഹാന്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. നാലാം ദിനം ബുമ്രയുടെ മറ്റൊരു മായാജാലത്തിനാണ് ഇന്ത്യയും ആരാധകരും കാത്തിരിക്കുന്നത്.
