ജയത്തിന് ശേഷവും ട്രോഫി വിതരണവും തമ്മിലുള്ള ഇടവേളയില്‍ ഇന്ത്യന്‍ താരങ്ങള്‍ ചില രസകരമായ നിമിഷങ്ങളൊരുക്കി. പ്രധാനമായും ഇഷാന്‍ കിഷനും വിരാട് കോലിയുമാണ് ആരാധകരെ രസിപ്പിച്ചത്.

കൊളംബൊ: ഇന്ത്യ ഏഷ്യാ കപ്പ് നേടിയെങ്കിലും ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ സമ്മാനിച്ച ഏഷ്യാ കപ്പ് ഫൈനലാണ് കടുന്നുപോയത്. ചൂടേറിയ ഫൈനല്‍ പ്രതീക്ഷിച്ച ആരാധകര്‍ക്ക് തെറ്റി. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക വെറും 15.2 ഓവറില്‍ 50 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, മൂന്ന് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ശ്രീലങ്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാക്കാതെ വിജയലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) പുറത്താവാതെ നിന്നു.

എന്നാല്‍ വിജയത്തിന് ശേഷവും ട്രോഫി വിതരണവും തമ്മിലുള്ള ഇടവേളയില്‍ ഇന്ത്യന്‍ താരങ്ങള്‍ ചില രസകരമായ നിമിഷങ്ങളൊരുക്കി. പ്രധാനമായും ഇഷാന്‍ കിഷനും വിരാട് കോലിയുമാണ് ആരാധകരെ രസിപ്പിച്ചത്. കോലിയുടെ നടത്തവും നോട്ടവുമെല്ലാം അനുകരിക്കുകയായിരുന്നു കിഷന്‍. കോലിക്കൊപ്പം കൂടി നില്‍ക്കുന്ന സഹതാരങ്ങളെല്ലാം ചിരിക്കുന്നുമുണ്ട്. തുടര്‍ന്ന് കോലി, കിഷന്റെ നടത്തവും അനുകരിച്ച് കാണിച്ചു. രസകരമായ വീഡിയോ കാണാം...

Scroll to load tweet…

അവിസ്മരണീയ പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത്. കുല്‍ദീപ് യാദവ് ടൂര്‍ണമെന്റിലെ താരമായി. ഏഷ്യാ കപ്പ് കിരീടം നേടിയെങ്കിലും ഇന്ത്യക്ക ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞിരുന്നില്ല. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിയാണ് ഇന്ത്യക്ക് വിനയായത്. നിലവില്‍ പാകിസ്ഥാന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. ഇന്ത്യക്കും പാകിസ്ഥാനും 115 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ അടിയറവ് പറഞ്ഞതോടെ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് വീണു. 

Scroll to load tweet…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തിന് മുമ്പ് 115 പോയിന്റാണ് ഓസീസിന് ഉണ്ടായിരുന്നത്. എന്നാല്‍ ഓസീസ് തോറ്റതോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങി. 113 പോയിന്റാണിപ്പോള്‍ ഓസീസിന്. ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പര ജയിക്കുന്ന ടീം ലോകകപ്പിന് മുമ്പ് ഒന്നാമതെത്തും. ഓസീസിനതെിരെ പരമ്പര നേട്ടത്തോടെ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെ മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. 

അഞ്ചാമതുള്ള ഇംഗ്ലണ്ടിന് 105 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് 106 പോയിന്റുണ്ട്. ന്യൂസിലന്‍ഡ് (100), ബംഗ്ലാദേശ് (94), ശ്രീലങ്ക (92), അഫ്ഗാനിസ്ഥാന്‍ (80), വെസ്റ്റ് ഇന്‍ഡീസ് (68) എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.

രോഹിത് ഏഷ്യാ കപ്പ് കൈമാറിയ 'മിസ്റ്ററി മാന്‍' ആരാണ്? എന്തിനിത്ര പരിഗണന? സച്ചിനും ദ്രാവിഡുമായി അടുത്ത ബന്ധം!