രോഹിത് ഏഷ്യാ കപ്പ് കൈമാറിയ 'മിസ്റ്ററി മാന്‍' ആരാണ്? എന്തിനിത്ര പരിഗണന? സച്ചിനും ദ്രാവിഡുമായി അടുത്ത ബന്ധം!
വലിയ ആഘോഷത്തോടെ തന്നെയാണ് ഇന്ത്യ കിരീടം ഏറ്റുവാങ്ങിയത്. ഇതിനിടെ, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ട്രോഫി പങ്കിടാന്‍ ഒരാളെ വേദിയിലേക്ക് വിളിച്ചു. എന്നിട്ട് അദ്ദേഹത്തിന് കിരീടം കൈമാറുകയും ചെയ്തു.

കൊളംബൊ: ഏഷ്യാ കപ്പ് നേട്ടത്തിന് പിന്നാലെ ആഘോഷ തിമിര്‍പ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. എട്ടാം തവണയാണ് ഇന്ത്യ കിരീടം നേടുന്നത്. ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് കിരീടനേട്ടം കൊണ്ട് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഫൈനലില്‍ ശ്രീലങ്കയെ 15.2 ഓവറില്‍ പുറത്താക്കിയ ഇന്ത്യന്‍ ടീം 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാക്കാതെ തന്നെ വിജയലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) സഖ്യം പുറത്താവാതെ നില്‍ക്കുകയായിരുന്നു. നേരത്തെ, ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകര്‍ത്തത്.
വലിയ ആഘോഷത്തോടെ തന്നെയാണ് ഇന്ത്യ കിരീടം ഏറ്റുവാങ്ങിയത്. ഇതിനിടെ, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ട്രോഫി പങ്കിടാന്‍ ഒരാളെ വേദിയിലേക്ക് വിളിച്ചു. എന്നിട്ട് അദ്ദേഹത്തിന് കിരീടം കൈമാറുകയും ചെയ്തു. അയാള്‍ ആരാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തിനാണ് അദ്ദേഹത്തെ ആഘോഷത്തില്‍ ഉള്‍പ്പെടുത്തുന്നതുമെന്നായിരുന്നു ആരാധകരുടെ ചോദ്യം. ആ വ്യക്തി മറ്റാരുമല്ല, ടീം ഇന്ത്യയുടെ ത്രോഡൗണ്‍ വിദഗ്ധന്‍ രാഘവേന്ദ്രയെന്ന രഘുവായിരുന്നു.
സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഘടമാണ് അദ്ദേഹം. 2011-12 ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായി അദ്ദേഹം ആദ്യമായി ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. 2014 ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം ഇന്ത്യന്‍ ടീം സപ്പോര്‍ട്ട് സ്റ്റാഫായി. പിന്നീട് ഇത്രയും നാള്‍ ഇന്ത്യയുടെ പരിശീലന സെഷനുകളില്‍ നിര്‍ണായക പങ്കുവഹിച്ചു അദ്ദേഹം. ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുടെ ശുപാര്‍ശയിലാണ് അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്.
ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവനാണ് രഘു. നെറ്റ്സില്‍ ത്രോഡൗണുകള്‍ നല്‍കുന്നതിനു പുറമേ, ക്രിക്കറ്റ് ടീമിനുള്ള താമസം, ലോജിസ്റ്റിക്സ്, ടിക്കറ്റുകള്‍, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ചിയര്‍ ലീഡര്‍ എന്നുവേണമെങ്കില്‍ ആലങ്കാരികമായി പറയാം.