ഗ്രൗണ്ടില്‍ മാത്രമാണ് തങ്ങള്‍ എതിരാളികളെന്നും അല്ലാത്തപ്പോള്‍ സുഹൃത്തുക്കളാണെന്നും വ്യക്തമാക്കി ഗ്രൗണ്ടില്‍ സൗഹൃദം പുതുക്കിയിരിക്കുകയാണ് വിരാട് കോലിയും പാക് നായകന്‍ കൂടിയായ ബാബര്‍ അസമും.
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടമെന്നതിലുപരി ഇത് വിരാട് കോലിയും ബാബര്‍ അസമും തമ്മിലുളള പോരാട്ടമായി കാണുന്നവരുണ്ട്. കോലിയുടെ പല റെക്കോര്‍ഡുകളും കൈപ്പിടിയിലാക്കി കുതിക്കുന്ന ബാബറും ഫോമിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്ന കോലിയും ദുബായില്‍ 28ന് നടക്കുന്ന പോരാട്ടത്തില്‍ നേര്‍ക്കുനേര്‍വരും.
ഗ്രൗണ്ടില്‍ മാത്രമാണ് തങ്ങള്‍ എതിരാളികളെന്നും അല്ലാത്തപ്പോള്‍ സുഹൃത്തുക്കളാണെന്നും വ്യക്തമാക്കി ഗ്രൗണ്ടില്‍ സൗഹൃദം പുതുക്കിയിരിക്കുകയാണ് വിരാട് കോലിയും പാക് നായകന്‍ കൂടിയായ ബാബര്‍ അസമും. ഇന്നലെ ദുബായിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്ന് പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയപ്പോഴാണ് ഗ്രൗണ്ടില്‍ പരിശീലനം കഴിഞ്ഞ് മടങ്ങുന്ന പാക്കിസ്ഥാന്‍ ടീം അംഗങ്ങളെ കണ്ടത്. ബാബറിന് അടുത്തേക്ക് പോയി ഹസ്തദാനം ചെയ്ത കോലി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അഫ്ഗാന്‍ താരം റാഷിദ് ഖാനനെ കണ്ട് ഹസ്തദാനം നടത്തിയശേഷമാണ് കോലി ബാബറിനെ കാണുന്നത്. ഉടന്‍ ബാബറിനും കൈകൊടുത്ത് കോലി കുശലാന്വേഷണം നടത്തി.
കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ടി20 ലോകകപ്പിലാണ് ഇരു ടീമുകളും അവസാനം പരസ്പരം ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യക്കായി കോലി അര്‍ധസെഞ്ചുറി നേടിയെങ്കിലും ബാബറിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും അപരാജിത സെഞ്ചുറികളുടെ കരുത്തില്‍ പാക്കിസ്ഥാന്‍ 10 വിക്കറ്റിന് ജയിച്ചിരുന്നു.
ഏഷ്യാ കപ്പില്‍ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് കഴിയും. ഇതിനുശേഷം ഇരു ടീമുകളും ഫൈനലിലെത്തിയാല്‍ ലോകകപ്പിന് മുമ്പ് മൂന്ന് തവണ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ഒക്ടോബര്‍ 23ന് മെല്‍ബണിലാണ് മത്സരം.
