Asianet News MalayalamAsianet News Malayalam

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ അനിശ്ചിതത്വം, മത്സരം നടക്കുമോ എന്നറിയില്ലെന്ന് ഗാംഗുലി

കളിക്കാര്‍ക്ക് ഇന്ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. ഇതുവന്നശേഷമെ ടെസ്റ്റിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന. ഫലം വരുന്നതുവരെ കളിക്കാരോട് അവരവരുടെ റൂമുകളില്‍ തന്നെ തുടരാനാണ് നിര്‍ദേശം.

We don't know if Manchester Test will happen at this moment, says Sourav Ganguly
Author
Manchester, First Published Sep 9, 2021, 7:19 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റ് നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇന്ത്യന്‍ ടീം സപ്പോര്‍ട്ട് സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടെസ്റ്റ് നടക്കാനുള്ള സാധ്യത തുലാസിലായത്. ഇന്ത്യന്‍ ടീമിന്‍റെ ജൂനിയര്‍ ഫിസിയോ ആയ യോഗേഷ് പാര്‍മറിനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സെഷന്‍ ഉപേക്ഷിച്ചു.

കളിക്കാര്‍ക്ക് ഇന്ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. ഇതുവന്നശേഷമെ ടെസ്റ്റിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന. ഫലം വരുന്നതുവരെ കളിക്കാരോട് അവരവരുടെ റൂമുകളില്‍ തന്നെ തുടരാനാണ് നിര്‍ദേശം.

അതേസമയം, മത്സരം നടക്കുമോ എന്ന് അറിയില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പ്രതികരിച്ചു. മത്സരം നടക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്-ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കവെ ഗാംഗുലി പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കും ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിനും ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുമ്പായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ടീം ഫിസിയോ നിതിന്‍ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചില്ലെങ്കിലും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രവി ശാസ്ത്രിയും ഭരത് അരുണും ആര്‍ ശ്രീധറും നിതിന്‍ പട്ടേലും ഓവലില്‍ ഹോട്ടലില്‍ തന്നെ ഐസൊലേഷനില്‍ തുടരുകയായിരുന്നു.

മാഞ്ചസ്റ്ററില്‍ നാളെയാണ് ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിന് തുടക്കമാവുക. ഓവലിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. ഹെഡിംഗ്‌ലെയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 76 റണ്‍സിനും പരാജയം രുചിച്ച ശേഷം ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് കീഴടക്കി ശക്തമായി ടീം ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. എങ്കിലും മാഞ്ചസ്റ്ററിലെ റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിനെ സന്തോഷിപ്പിക്കുന്നതല്ല.

Follow Us:
Download App:
  • android
  • ios