ടോസ് നഷ്ടമായിട്ടും ജയ്സ്വാളും ക്യാപ്റ്റന്‍ ഗില്ലും റിഷഭ് പന്തും മിന്നിയതോടെ ആദ്യ ഇന്നിംഗ്സില്‍ ഒന്നാം ദിനം തന്നെ മികച്ച നിലയിലെത്തി ആരാധകരെ അമ്പരപ്പിച്ചു.
ലീഡ്സ്: ക്യാപ്റ്റനെ ഉൾപ്പെടെ മാറ്റി ടീമിൽ വലിയ അഴിച്ചു പണി നടത്തിയിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് രക്ഷയില്ല. ഗൗതം ഗംഭീര്‍ പരിശീലകനായി വന്നശേഷം അവസാനം കളിച്ച ഒൻപത് ടെസ്റ്റിൽ ഇന്ത്യയുടെ ഏഴാം തോൽവിണ് ഇന്നലെ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെയുള്ളത്. പുതിയ നായകന് കീഴില്‍ തലമുറ മാറ്റത്തിനിറങ്ങിയ ഇന്ത്യ ലീഡ്സിൽ വലിയ പ്രതീക്ഷകയോടെയാണ് തുടങ്ങിയത്.
ടോസ് നഷ്ടമായിട്ടും ജയ്സ്വാളും ക്യാപ്റ്റന്‍ ഗില്ലും റിഷഭ് പന്തും മിന്നിയതോടെ ആദ്യ ഇന്നിംഗ്സില്‍ ഒന്നാം ദിനം തന്നെ മികച്ച നിലയിലെത്തി ആരാധകരെ അമ്പരപ്പിച്ചു. എന്നാല്‍ രണ്ടാം ദിനം ഗില്‍ പുറത്തായതിന് പിന്നാലെ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ് മുന്‍തൂക്കം നഷ്ടമാക്കി. രണ്ടാം ഇന്നിംഗ്സിലും മികച്ച നിലയില്‍ നിന്ന് കൂട്ടത്തകര്‍ച്ചയിലൂടെ കളി കൈവിട്ടു.ആദ്യ ഇന്നിംഗ്സിൽ 41 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിൽ 31 റൺസിനിടെ നഷ്ടമായത് ആറ് വിക്കറ്റ്.
ഫലമോ രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് ബാറ്റർമാർ സെഞ്ച്വറി നേടിയിട്ടും ശുഭ്മൻ ഗിൽ നായകനായി അരങ്ങേറിയ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി ഒഴിവാക്കാനായില്ല. റിഷഭ് പന്ത് രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടിയപ്പോൾ ഗില്ലും യശസ്വീ ജയ്സ്വാളും ആദ്യ ഇന്നിംഗ്സിലും കെ എൽ രാഹുൽ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യക്കായി സെഞ്ച്വറി നേടി. അഞ്ച് സെഞ്ച്വറി പിറന്നിട്ടും ടെസ്റ്റിൽ തോൽവി നേരിടുന്ന ആദ്യടീമെന്ന മോശം റെക്കോർഡും ഇന്ത്യക്ക് സ്വന്തമായി.ഇതിനേക്കാൾ പരിതാപകരമായിരുന്നു കൈവിട്ട് കളഞ്ഞ അനായാസ ക്യാച്ചുകൾ.ലീഡ്സ് ടെസ്റ്റില്‍ ജയശ്വീ ജയ്സ്വാൾ മാത്രം പാഴാക്കിയത് നാല് ക്യാച്ചുകളായിരുന്നു.
ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലക ചുമതല ഏറ്റെടുത്തശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചു തുടങ്ങിയ ഇന്ത്യ പിന്നാലെ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ 0-3ന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി. അതുകഴിഞ്ഞ് ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഞ്ച് മത്സര പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ചെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകള്‍ തോറ്റ് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകളും കൈവിട്ടു. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെയും തോറ്റതോടെ അവസാനം കളിച്ച 9 ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാനായത് ഒരു ടെസ്റ്റില്‍ മാത്രമാണ്.


