സെഞ്ചുറി നേടിയ ഡക്കറ്റിന് പുറമെ ഓപ്പണര്‍ സാക് ക്രോളിയും ജോ റൂട്ടും ഇംഗ്ലണ്ടിനായി അര്‍ധസെഞ്ചുറികള്‍ നേടി. 170 പന്തില്‍ 149 റണ്‍സെടുത്ത ഡക്കറ്റിന്‍റെ വെടിക്കെട്ട് സെഞ്ചുറിയാണ് ഇംഗ്ലണ്ടിന്‍റെ ജയം അനായാസമാക്കിയത്.

ലീഡ്സ്: ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് അ‍ഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്‍റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ചുറി നേടിയ ഡക്കറ്റിന് പുറമെ ഓപ്പണര്‍ സാക് ക്രോളിയും ജോ റൂട്ടും ഇംഗ്ലണ്ടിനായി അര്‍ധസെഞ്ചുറികള്‍ നേടി. 170 പന്തില്‍ 149 റണ്‍സെടുത്ത ഡക്കറ്റിന്‍റെ വെടിക്കെട്ട് സെഞ്ചുറിയാണ് ഇംഗ്ലണ്ടിന്‍റെ ജയം അനായാസമാക്കിയത്. സാക് ക്രോളി 65 റണ്‍സടിച്ചപ്പോള്‍ ജോ റൂട്ട് 53 റണ്‍സുമായും ജാമി സ്മിത്ത് 44 റണ്‍സുമായും പുറത്താകാതെ നിന്നു.

Scroll to load tweet…

ഇന്ത്യക്കായി ഷാര്‍ദ്ദുല്‍ താക്കൂറും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റെടുത്തു. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രക്ക് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റൊന്നും നേടാനാവാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ദിനം ആദ്യ സെഷനില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ ഓപ്പണിംഗ് വിക്കറ്റില്‍ 188 റണ്‍സടിച്ച സാക്ക് ക്രോളി-ഡക്കറ്റ് സഖ്യത്തിന്‍റെ പ്രകടനമാണ് ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണായകമായത്. സ്കോര്‍ ഇന്ത്യ 471, 364, ഇംഗ്ലണ്ട് 465, 373-5.

Scroll to load tweet…

അവസാന ദിനം ലഞ്ചിനുശേഷം ക്രോളിയെ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. പ്രസിദ്ധിന്‍റെ പന്തില്‍ ക്രോളിയെ സ്ലിപ്പില്‍ രാഹുല്‍ പിടികൂടുകയായിരുന്നു. സെഞ്ചുറിക്ക് അരികെ 97ല്‍ നില്‍ക്കെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ബെന്‍ ഡക്കറ്റ് നല്‍കിയ ക്യാച്ച് സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ നിന്ന് ഓടിയെത്തി യശസ്വി ജയ്സ്വാള്‍ കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.

എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഒല്ലി പോപ്പിനെ(8) കൂടി മടക്കി പ്രസിദ്ധ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അപ്പോഴും ഒരറ്റത്ത് തകര്‍ത്തടിച്ച ഡക്കറ്റ് ഇന്ത്യൻ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. ബുമ്രക്ക് പോലും ഡക്കറ്റിനെ വിറപ്പിക്കാനായില്ല. ഒടുവില്‍ അവസാന ശ്രമമെന്ന നിലയില്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെ പന്തേല്‍പ്പിച്ച ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ തീരുമാനം ഇന്ത്യയെ മത്സരത്തില്‍ പിടിച്ചുനിര്‍ത്തി.

Scroll to load tweet…

170 പന്തില്‍ 149 റണ്‍സടിച്ച ഡക്കറ്റിനെ പകരക്കാരന്‍ ഫീല്‍ഡറായ നിതീഷ് കുമാര്‍ റെഡ്ഡിയുടെ കൈകളിലെത്തിച്ച ഷാര്‍ദ്ദുല്‍ അടുത്ത പന്തില്‍ ഹാരി ബ്രൂക്കിനെ(0) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് ഇരട്ടപ്രഹരമേല്‍പ്പിച്ച് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇംഗ്ലണ്ടിനെ 300 കടത്തിയ ജോ റൂട്ട്-ബെന്‍ സ്റ്റോക്സ് സഖ്യം ഇന്ത്യൻ പ്രതീക്ഷകള്‍ തകര്‍ത്തു. സ്റ്റോക്സിനെ(33) ജഡേജ മടക്കിയെങ്കിലും റൂട്ടും സ്മിത്തും ചേര്‍ന്ന് ഇംഗ്ലണ്ടിന്‍റെ ജയം പൂര്‍ത്തിയാക്കി.

Scroll to load tweet…

അവസാന ദിനം ആദ്യ മണിക്കൂറില്‍ ന്യൂ ബോളിന്‍റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും മുതലെടുത്ത് വിക്കറ്റ് വീഴ്ത്താമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ക്രീസിലുറച്ചതാണ് മത്സരത്തില്‍ നിര്‍ണായകമായത്.ആദ്യ മണിക്കൂറില്‍ ബുമ്രയെ കരുതലോടെ നേരിട്ട ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ റണ്ണടിക്കുന്നതിനെക്കാള്‍ വിക്കറ്റ് വീഴാതെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. 

എന്നാല്‍ ബുമ്രയുടെ സ്പെല്‍ അവസാനിച്ച് പ്രസിദ്ധും ഷാര്‍ദ്ദുല്‍ താക്കൂറും സിറാജും പന്തെറിയാനെത്തിയതോടെ സ്കോറിംഗ് വേഗം കൂട്ടി. ഇടക്ക് ചെറിയ മഴ മുലം മത്സരം നിര്‍ത്തിയെങ്കിലും മത്സരഫലത്തെ ബാധിച്ചില്ല. 14 ഓവറുകള്‍ മാത്രമായിരുന്നു ഇംഗ്ലണ്ട് വിജയം പൂര്‍ത്തിയാക്കുമ്പോള്‍ ബാക്കിയുണ്ടായിരുന്നത്. മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ 41 റണ്‍സിന് അവസാന ഏഴ് വിക്കറ്റുകളും രണ്ടാം ഇന്നിംഗ്സില്‍ 31 റണ്‍സിന് അവസാന ആറ് വിക്കറ്റുകൾ നഷ്ടമാക്കിയതും ഇന്ത്യൻ തോല്‍വിയില്‍ നിര്‍ണായകമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക