ഗാരി കിര്‍സ്റ്റനെ സൂപ്പര്‍ കോച്ചാക്കി മാറ്റിയത് നമ്മളാണ്. അതിനുശേഷം അദ്ദേഹം നിരവധി ടീമുകളെ പരിശീലിപ്പിച്ചു. പക്ഷെ ഗുജറാത്തിനൊപ്പം ഐപിഎല്‍ കിരീടമൊഴികെ മറ്റൊന്നും അദ്ദേഹം നേടിയില്ല. അവിടെയും കിര്‍സ്റ്റനെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് ആശിഷ് നെഹ്റയാണെന്ന് ടെലിവിഷനില്‍ കളി കാണുന്നവര്‍ക്കു പോലും മനസിലാവുന്ന കാര്യമാണെന്നും സെവാഗ് പറഞ്ഞു.

മുംബൈ: ഏകദിന ലോകകപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് തയാറെടുപ്പുകള്‍ക്കും വേഗം വെച്ചുതുടങ്ങി. ഇനി 100ല്‍ താഴെ ദിവസം മാത്രമാണ് ലോകകപ്പിനുള്ളത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കീഴില്‍ വീണ്ടുമൊരു ലോകകപ്പ് സ്വപ്നം കാണുകയാണ് ഇന്ത്യ. എന്നാല്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യ തുടര്‍ച്ചയായി മോശം പ്രകടനം നടത്തുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ദ്രാവിഡിന്‍റെ കോച്ചിംഗ് ശൈലിക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ഗാരി കിര്‍സ്റ്റന് കീഴില്‍ ഇന്ത്യ ലോകകപ്പ് നേടിയത് പോലെ ദ്രാവിഡിന് കീഴില്‍ ഇന്ത്യക്ക് കിരീടം നേടാനാവുമോ എന്നാണ് ആരാധകരുടെ ആശങ്ക.

ഇതിനിടെ കോച്ച് എന്ന നിലയില്‍ ഗാരി കിര്‍സ്റ്റന് പേരുണ്ടാക്കിക്കൊടുത്തത് ഇന്ത്യന്‍ ടീമാണെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. കളിക്കാരുടെ പ്രകടനമാണ് കോച്ചിന് പേരുണ്ടാക്കുന്നത്. ഗാരി കിര്‍സ്റ്റന്‍റെ മാത്രം മികവിലാണ് ഇന്ത്യ ലോകകപ്പ് നേടിയതെങ്കില്‍ ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം കിര്‍സ്റ്റന് മറ്റ് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും സെവാഗ് ചോദിച്ചു. ഗ്രൗണ്ടിലിറങ്ങുന്ന കളിക്കാരന്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ എല്ലാവരും കോച്ചിനെ പുകഴ്ത്തും. തിരിച്ചാണെങ്കില്‍ കോച്ചിനെ കുറ്റം പറയും.

നമ്മള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. ഫൈനലിലെത്തി എന്നത് നേട്ടമായി ആരും പറയുന്നില്ല. ഫൈനല്‍ തോറ്റതിനെക്കുറിച്ച് മാത്രമാണ് പറയുന്നത്. രാഹുല്‍ ദ്രാവിഡ് മികച്ച പരിശീലകനാണ്. കോച്ച് അല്ല കളിക്കാരനാണ് ഗ്രൗണ്ടിലിറങ്ങി മികച്ച പ്രകടനം നടത്തേണ്ടത്. ഗാരി കിര്‍സ്റ്റനെ സൂപ്പര്‍ കോച്ചാക്കി മാറ്റിയത് നമ്മളാണ്. അതിനുശേഷം അദ്ദേഹം നിരവധി ടീമുകളെ പരിശീലിപ്പിച്ചു. പക്ഷെ ഗുജറാത്തിനൊപ്പം ഐപിഎല്‍ കിരീടമൊഴികെ മറ്റൊന്നും അദ്ദേഹം നേടിയില്ല. അവിടെയും കിര്‍സ്റ്റനെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് ആശിഷ് നെഹ്റയാണെന്ന് ടെലിവിഷനില്‍ കളി കാണുന്നവര്‍ക്കു പോലും മനസിലാവുന്ന കാര്യമാണെന്നും സെവാഗ് പറഞ്ഞു.

ചരിത്രമെഴുതി 'ഗോട്ട്' സ്‌മിത്ത്, 9000 റണ്‍സ് ക്ലബില്‍; ദ്രാവിഡിനെയും ലാറയെയും പോണ്ടിംഗിനേയും പിന്തള്ളി

ഇന്ത്യന്‍ പരിശീലകര്‍ ആരായാലും കളിക്കാരുടെ 100 ശതമാനം പ്രകടനം പുറത്തെടുക്കാനും അവരെ ഫ്രഷ് ആയി നിലനിര്‍ത്താനുമാണ് ശ്രമിക്കേണ്ടതെന്നും ഐസിസി ലോകകപ്പ് മത്സരക്രമം പുറത്തിറക്കിയശേഷം ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സെവാഗ് പറഞ്ഞു.

2011ലെ ഏകദിന ലോകകപ്പ് ജയത്തിനുശേഷം ഇന്ത്യന്‍ ടീമിന്‍റെ പരിശീലക പദവി ഒഴിഞ്ഞ കിര്‍സ്റ്റന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ പരിശീലകനായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിച്ചെങ്കിലും അവരെ ഐസിസി കിരീടത്തിലേക്ക് നയിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കേന്‍സിനെയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും പരിശീലിപ്പിച്ചെങ്കിലും കിരീടം സമ്മാനിക്കാന്‍ അദ്ദേഹത്തിനായില്ല.