2022 ഡിസംബറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ തന്‍റെ ആദ്യ സെഞ്ചുറി ലക്ഷ്യമിട്ട് ബാറ്റിംഗ് തുടർന്ന ബാബറിന് സഹതാരം അബ്ദുള്ള ഷഫീഖുമായുള്ള ആശയക്കുഴപ്പമാണ് വിനയായത്.

പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ അവിശ്വസനീയമായ റൺഔട്ടിലൂടെ അർഹിച്ച സെഞ്ചുറി നഷ്ടമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മൂന്നാം ദിനത്തിൽ 88 റൺസെടുത്ത് നിൽക്കവെയാണ് ബാബർ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായത്. 2022 ഡിസംബറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ തന്‍റെ ആദ്യ സെഞ്ചുറി ലക്ഷ്യമിട്ട് ബാറ്റിംഗ് തുടർന്ന ബാബറിന് സഹതാരം അബ്ദുള്ള ഷഫീഖുമായുള്ള ആശയക്കുഴപ്പമാണ് വിനയായത്.

ഓഫ് സൈഡിലേക്ക് പന്ത് തട്ടിയിട്ട് റണ്ണിനായി ബാബർ ഓടിയെങ്കിലും, നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ഷഫീഖ് ആദ്യം ഓടി തുടങ്ങുകയും പിന്നീട് പിന്തിരിയുകയുമായിരുന്നു. തിരിഞ്ഞോടി ക്രീസിലെത്താൻ ബാബർ ശ്രമിച്ചെങ്കിലും വെസ്റ്റ് ഇൻഡീസ് ഫീൽഡർ ബ്രാൻഡൻ കിംഗിന്‍റെ മികച്ച ഡയറക്ട് ത്രോ സ്റ്റംപ് തകർത്തു. വിക്കറ്റ് നഷ്ടമായതിന്‍റെ നിരാശയിൽ കുറച്ചുസമയം പിച്ചിൽ മുട്ടുകുത്തി ഇരുന്നശേഷമാണ് ബാബർ പവലിയനിലേക്ക് മടങ്ങിയത്.

Scroll to load tweet…

ബാബർ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ തകർന്നടിയുകയും ചെയ്തു. 281-2 എന്ന മികച്ച നിലയിലായിരുന്ന പാകിസ്ഥാൻ ബാബര്‍ പുറത്തായശേഷം 387 റൺസിന് പുറത്തായി. പാകിസ്ഥാനുവേണ്ടി അബ്ദുള്ള ഷഫീഖ് 160 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇന്‍ഡീസ് 344 റണ്‍സെടുത്തിരുന്നു. 33 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് മൂന്നാം ദിനം കളി നിർത്തുമ്പോൾ 103/6 എന്ന നിലയിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. നാല് വിക്കറ്റ് വീഴ്ത്തിയ പാക് സ്പിന്നർ സാജിദ് ഖാനാണ് വിൻഡീസിനെ തകർത്തത്. ആദ്യ ടെസ്റ്റ് 90 റൺസിന് വിജയിച്ച വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. പരമ്പര സമനിലയിലാക്കാൻ രണ്ടാം ഇന്നിംഗ്സിൽ പാകിസ്ഥാന് ജയം അനിവാവര്യമാണ്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക