Asianet News MalayalamAsianet News Malayalam

ലോകകപ്പില്‍ പ്രസാദിനെതിരെ സൊഹൈലിന്റെ പെരുമാറ്റം കണ്ട് ശരിക്കും ഞെട്ടി: വഖാര്‍ യൂനിസ്

സത്യസന്ധമായി പറയാം, സൊഹൈലിന്റെ പെരുമാറ്റം കണ്ട് ഞങ്ങളെല്ലാം ഞെട്ടി. ഗ്രൗണ്ടിന്റെ നാലുപാടും പന്തുകള്‍ പറത്തുന്നതിനിടെ എന്തിനാണ് അദ്ദേഹം അത് ചെയ്തത്.

We were shocked by the way Aamer Sohail was behaving says Waqar
Author
Karachi, First Published Jul 10, 2020, 8:51 PM IST

കറാച്ചി: ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടങ്ങള്‍ എപ്പോഴും ലോകകപ്പ് ഫൈനലിനോളം തന്നെ ആരാധകരെ ആവശേത്തിലാഴ്ത്തുന്നതാണ്. ലോകകപ്പില്‍ ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയെ കീഴടക്കാനുമായിട്ടില്ല. ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ ആരാധക മനസില്‍ എന്നും പച്ച പിടിച്ചു കിടക്കുന്നതാണ് 1996ല്‍ ബംഗലൂരുവില്‍ നടന്ന ഇന്ത്യ-പാക് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍.

We were shocked by the way Aamer Sohail was behaving says Waqar

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നവജ്യോത് സിദ്ദുവിന്റെ(93) അര്‍ധസെഞ്ചുറിയുടെയും അജയ് ജഡേയുടെ(25 പന്തില്‍ 45) വെടിക്കെട്ടിന്റെയും കരുത്തില്‍ 287 റണ്‍സടിച്ചു. അന്നത്തെ നിലവാരത്തില്‍ വിജയം ഉറപ്പിക്കാവുന്ന സ്കോര്‍. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍മാരായ അമീര്‍ സൊഹലും സയ്യിദ് അന്‍വറും വെടിക്കെട്ട് തുടക്കം നല്‍കി ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ പത്തോവറില്‍ 84 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചു കൂട്ടിയത്. 32 പന്തില്‍ 48 റണ്‍സെടുത്ത അന്‍വറെ ശ്രീനാഥ് പുറത്താക്കിയപ്പോള്‍ 46 പന്തില്‍ 55 റണ്‍സെടുത്ത സൊഹൈലിനെ വീഴ്ത്തി വെങ്കിടേഷ് പ്രാസാദ് പിന്നാലെ ഇജാസ് അഹ്ഹമദിനെയും ഇന്‍സമാം ഉള്‍ ഹഖിനെയും വീഴ്ത്തി ഇന്ത്യന്‍ ജയം ഉറപ്പിച്ചു.

ഇതില്‍ വെങ്കിടേഷ് പ്രസാദിനെ ബൗണ്ടറി കടത്തിയശേഷം സൊഹൈല്‍ അടുത്ത പന്ത് ഇനി ബൗണ്ടറിക്ക് പുറത്തു പതിക്കുമെന്ന് പറഞ്ഞ് ആംഗ്യം കാട്ടുകയും അടുത്ത പന്തില്‍ പ്രസാദ് സൊഹൈലിനെ ബൗള്‍ഡാക്കുകയും ചെയ്തത് ഇന്ത്യന്‍ ആരാധകരെ ഇപ്പോഴും കോരിത്തരിപ്പിക്കുന്ന മുഹൂര്‍ത്തമാണ്. പുറത്താക്കിയശേഷം സൊഹൈലിനുനേരെ തിരിഞ്ഞ് ഡ്രസ്സിംഗ് റൂമിനു നേര്‍ക്ക് വിരല്‍ ചൂണ്ടിയ പ്രസാദിനെയും മറക്കില്ല. എന്നാല്‍ അന്ന് പ്രസാദിനെ പ്രകോപിപ്പിച്ച സ1ഹൈലിന്റെ പെരുമാറ്റം ടീം അംഗങ്ങളായ തങ്ങളെയെല്ലാം ഞെട്ടിച്ചുവെന്ന് സഹതാരമായിരുന്ന വഖാര്‍ യൂനിസ് പറഞ്ഞു.

സത്യസന്ധമായി പറയാം, സൊഹൈലിന്റെ പെരുമാറ്റം കണ്ട് ഞങ്ങളെല്ലാം ഞെട്ടി. ഗ്രൗണ്ടിന്റെ നാലുപാടും പന്തുകള്‍ പറത്തുന്നതിനിടെ എന്തിനാണ് അദ്ദേഹം അത് ചെയ്തത്. ഒരുപക്ഷെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാകാം അദ്ദേഹം അത് ചെയ്തത്-വഖാര്‍ പറഞ്ഞു. സയ്യിദ് അന്‍വറും അമീര്‍ സൊഹൈലും ചേര്‍ന്ന് ഞങ്ങള്‍ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. ആ സമയത്താണ് അന്‍വറിനെ ഞങ്ങള്‍ക്ക് നഷ്ടമായത്. പിന്നാതെ മികച്ച ഫോമിലായിരുന്ന സൊഹൈലിനെ പ്രസാദ് ബൗള്‍ഡാക്കി. ഇത് ടീമിന്റെ മാനസികനിലയെ തന്നെ മോശമായി ബാധിച്ചു. മധ്യനിരക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. സലീം മാലീക്കും ജാവേദ് മിയാന്‍ദാദും മെല്ലെപ്പോക്കുകാരായത് ടീമിനെ തുണച്ചതുമില്ല. പ്രസാദിന് പുറമെ കുംബ്ലെയും മൂന്ന് വിക്കറ്റെടുത്ത കളിയില്‍ പാക്കിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്.

We were shocked by the way Aamer Sohail was behaving says Waqar
ഇന്‍സമാം ഉള്‍ ഹഖും ഇജാസ് അഹമ്മദും പ്രതിരോധത്തിലേക്ക് തള്ളിയിട്ടത് അനില്‍ കുംബ്ലെയുടെ ബൗളിംഗായിരുന്നു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും കുംബ്ലേക്കാണ്. പ്രസാദ് തിരിച്ചുവരുകയും റണ്‍സടിക്കാന്‍ ബുദ്ധിമുട്ടാവുകയും ചെയ്തതോടെ പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങി. ആ മത്സരത്തില്‍ വേറെ ചില പിഴവുകള്‍ കൂടി ഞങ്ങള്‍ വരുത്തി. ജാവേദ് മിയാന്‍ദാദ് ടീമിലുണ്ടായിരുന്നു. അദ്ദേഹം നാലാം നമ്പറില്‍ ബാറ്റ് ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ ആറാം നമ്പറിലാണ് അദ്ദേഹം ഇറങ്ങിയത്. കരിയറിന്റെ അവസാനകാലത്ത് അദ്ദേഹം ആറാം നമ്പറില്‍ ഇറങ്ങിയിട്ട് ഒരു കാര്യവുമില്ലായിരുന്നു. അദ്ദേഹത്തെ കാത്തുവെച്ചത് വെറുതെയായി. എന്തായാലും ആമത്സരത്തില്‍ ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നുവെന്നും വഖാര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios