ലക്‌നൗ: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം. ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 45 ഓവറില്‍ 194ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 46.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റോസ്റ്റണ്‍ ചേസ് (94), ഷായ് ഹോപ് (133 പന്തില്‍ പുറത്താവാതെ 77) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് മുന്നിലെത്തി.

നേരത്തെ, റഹ്മത്ത് ഷാ (61), ഇക്രം അലി ഖില്‍ (58), അസ്ഗര്‍ അഫ്ഗാന്‍ (35) എന്നിവര്‍ മാത്രമാണ് അഫ്ഗാന്‍ നിരയില്‍ പിടിച്ചുനിന്നത്. ഗുല്‍ബാദിന്‍ നെയ്ബ് 17 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെഫേര്‍ഡ്, റോസ്റ്റണ്‍ ചേസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴത്തി. 

വിന്‍ഡീസിന് ഇവിന്‍ ലൂയിസ് (7), ഷിംറോണ്‍ ഹെറ്റമയേര്‍ (3), നിക്കോളാസ് പൂരന്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീട് ഒത്തുച്ചേര്‍ന്ന ഹോപ്പ്- ചേസ് സഖ്യം 163 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിജയത്തിലേക്ക് നയിച്ചതും ഈ കൂട്ടുകെട്ട് തന്നെ.