സതാംപ്ടണ്‍: വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് കീഴടക്കി കൊവിഡ് ഇടവേളക്കുശേഷമുള്ള ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ചരിത്ര വിജയം. അവസാന ദിവസം 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. സ്കോര്‍ ഇംഗ്ലണ്ട് 204, 313, വെസ്റ്റ് ഇന്‍ഡീസ് 318, 200/6. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ വിന്‍ഡീസ് 1-0ന് മുന്നിലെത്തി.

200 റണ്‍സ് വിജയലക്ഷ്യം പിന്തുടന്‍ന്ന് ക്രീസിലിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. പരിക്കേറ്റ ഓപ്പണര്‍ ജോണ്‍ കാംപ്ബെല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പിന്നാലെ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും(4), ഷായ് ഹോപ്പും(9), ഷര്‍മ ബ്രൂക്സും(0) മടങ്ങിയതോടെ 27/3ലേക്ക് തകര്‍ന്ന വിന്‍ഡീസ് വീണ്ടും വിജയം കൈവിടുമെന്ന് തോന്നിച്ചു. എന്നാല്‍ മധ്യനിരയില്‍ റോസ്റ്റണ്‍ ചേസിനെ(37) കൂട്ടുപിടിച്ച് ജെര്‍മൈന്‍ ബ്ലാക്‌വുഡ്(95) നടത്തിയ പോരാട്ടം വിന്‍ഡീസിന് ആവേശജയം സമ്മാനിച്ചു. സ്കോര്‍ 100ല്‍ നില്‍ക്കെ ചേസ് മടങ്ങിയെങ്കിലും ഷെയ്ന്‍ ഡൗറിച്ചിനെയും(20) ജേസണ്‍ ഹോള്‍ഡറെയും കൂട്ടുപിടിച്ച് ബ്ലാക്‌വുഡ് വിന്‍ഡീസിനെ വിജിയത്തിന് അടുത്തെത്തിച്ചു.


അര്‍ഹമായെ സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ ബ്ലാക്‌വുഡിനെ സ്റ്റോക്സ് മടക്കിയെങ്കിലും വിജയത്തിലേക്ക് 11 റണ്‍സ് അകലമേ അപ്പോഴുണ്ടായിരുന്നുള്ളു. പരിക്കേറ്റ് മടങ്ങിയ കാംപ്‌ബെല്‍(8 നോട്ടൗട്ട്) വീണ്ടും ക്രീസിലിറങ്ങി ഹോള്‍ഡര്‍ക്ക്(14 നോട്ടൗട്ട്) പിന്തുണ നല്‍കിയതോടെ വിന്‍ഡീസിന് അവിസ്മരണീയ ജയം സ്വന്തമായി. ഇംഗ്ലണ്ടിനായി  മൂന്ന് വിക്കറ്റെടുത്ത ആര്‍ച്ചറും രണ്ട് വിക്കറ്റെടുത്ത സ്റ്റോക്സും തിളങ്ങിയെങ്കിലും ആന്‍ഡേഴ്സണ് വിക്കറ്റൊന്നും നേടാനാവാഞ്ഞത് ആതിഥേയര്‍ക്ക് തിരിച്ചടിയായി.