ലെസ്റ്ററില്‍ നടന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. 

ലെസ്റ്റര്‍: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യ ചാംപ്യന്‍സിനെതിരായ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ചാംപ്യന്‍സിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ 12 ഓവറില്‍ അഞ്ചിന് 63 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പിയൂഷ് ചൗള, വരുണ്‍ ആരോണ്‍ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. കീറണ്‍ പൊള്ളാര്‍ഡ് (10), ഡ്വെയ്ന്‍ ബ്രാവോ (8) എന്നിവരാണ് ക്രീസില്‍. നിലവില്‍ അവസാന സ്ഥാനത്തുള്ള ഇന്ത്യക്ക് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ സെമി ഫൈനല്‍ സാധ്യതയുണ്ട്.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു വിന്‍ഡീസിന്. രണ്ട് ഓവറിനിടെ അവര്‍ക്ക് ക്രിസ് ഗെയ്ല്‍ (9), ചാഡ്‌വിക്ക് വാള്‍ട്ടണ്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. രണ്ട് വിക്കറ്റുകളും ആരോണിനായിരുന്നു. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ ലെന്‍ഡല്‍ സിമോണ്‍സിനെ (2) പിയൂഷ് ചൗള ബൗള്‍ഡാക്കി. വില്യം പെര്‍ക്കിന്‍സിനും (0) അതുതന്നെയായിരുന്നു വിധി. ഇതോടെ വിന്‍ഡീസ് നാലിന് 32 എന്ന നിലയിലായി വിന്‍ഡീസ്. ഇതിനിടെ ഡ്വെയ്ന്‍ സ്മിത്തും (20) മടങ്ങിയത് വിന്‍ഡീസിന് തിരിച്ചടിയായി. ബ്രാവോ - പൊള്ളാര്‍ഡ് സഖ്യത്തിലാണ് ഇനി പ്രതീക്ഷ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ ചാംപ്യന്‍സ്: റോബിന്‍ ഉത്തപ്പ (വിക്കറ്റ് കീപ്പര്‍), സുരേഷ് റെയ്‌ന, യുവരാജ് സിംഗ് (ക്യാപ്റ്റന്‍), യൂസഫ് പത്താന്‍, സ്റ്റുവര്‍ട്ട് ബിന്നി, ഹര്‍ഭജന്‍ സിംഗ്, പിയൂഷ് ചൗള, അഭിമന്യു മിഥുന്‍, വരുണ്‍ ആരോണ്‍, പവന്‍ നേഗി, ഗുര്‍കീരത് സിംഗ് മാന്‍.

വെസ്റ്റ് ഇന്‍ഡീസ് ചാംപ്യന്‍സ്: ക്രിസ് ഗെയ്ല്‍ (ക്യാപ്റ്റന്‍), ചാഡ്വിക്ക് വാള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), ഡ്വെയ്ന്‍ സ്മിത്ത്, ലെന്‍ഡല്‍ സിമ്മണ്‍സ്, ഡ്വെയിന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ്, ആഷ്ലി നഴ്സ്, വില്യം പെര്‍കിന്‍സ്, ഷെല്‍ഡണ്‍ കോട്രെല്‍, ഡേവ് മുഹമ്മദ്, നികിത മില്ലര്‍.

YouTube video player