സിഡ്‌നി: വനിത ടി20 ലോകകപ്പില്‍ നിന്ന് മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് പുറത്ത്. ഇംഗ്ലണ്ടിനോട് 46 റണ്‍സിനാണ് വിന്‍ഡീസ് പരാജയപ്പെട്ടത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 17.1 ഓവറില്‍ 97ന് എല്ലാവരും പുറത്തായി. നേരത്തെ ഇതേ ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയും സെമിയിലെത്തിയിരുന്നു.

മൂന്ന് വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോണിന്റെ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്. സാറ ഗ്ലെന്‍ രണ്ടും മാഡി വില്ലിയേഴ്‌സ്, അന്യ ഷ്രുബ്‌സോള്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 20 റണ്‍സ് നേടിയ ലീ-അന്‍ കിര്‍ബിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. സ്‌റ്റെഫാനി ടെയ്‌ലര്‍ (15), ബ്രിട്ട്‌നി കൂപ്പര്‍ (15), ഹയ്‌ലി മാത്യൂസ് (10), ആലിയ അല്ലെയ്ന്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

നേരത്തെ നതാലി സ്‌കിവറിന്റെ (57) പ്രകടനമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഡാനിയേലെ വ്യാറ്റ് (29), എമി എല്ലാന്‍ ജോണ്‍സ് (23) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അനിസ മുഹമ്മദ്, സ്റ്റെഫാനി ടെയ്‌ലര്‍, അഫി ഫ്‌ളെച്ചര്‍, ഷകേറ സല്‍മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.