ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടടത്തില്‍ 115 റണ്‍സെടുത്തിട്ടുണ്ട്. കരിയറിലെ അവസാന ഏകദിനം കളിക്കുന്ന ക്രിസ് ഗെയ്‌ലിന്റെ (പുറത്താവാതെ 66) എവിന്‍ ലൂയിസിന്റെ (43) കൂറ്റനടികളാണ് വിന്‍ഡീസിന് മികച്ച തുടക്കം നല്‍കിയത്. ഗെയ്‌ലിനൊപ്പം ഷായ് ഹോപ്പ് (0) ക്രീസിലുണ്ട്. യൂസ്‌വേന്ദ്ര ചാഹലിനാണ് വിക്കറ്റ്. 

നേരത്തെ ഒരു ഓവറും മൂന്ന് പന്തും ആയപ്പോള്‍ കളി മഴ തടസപ്പെടുത്തിയിരുന്നു. പിന്നീട് മത്സരം ആരംഭിച്ചപ്പോഴാണ് വിന്‍ഡീസ് ഓപ്പണര്‍മാര്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ഗെയ്ല്‍ ഇതുവരെ ഏഴ് ഫോറും അഞ്ച് സിക്‌സും സ്വന്തമാക്കി. ലൂയിസ് അഞ്ച് ഫോറും മൂന്ന് സിക്‌സും നേടി.

ഭുവനേശ്വര്‍ കുമാര്‍ അഞ്ച് ഓവറില്‍ 48 റണ്‍സും ഷമി മൂന്നോവറില്‍ 31 റണ്‍സും വഴങ്ങി. എന്നാല്‍ ഖലീല്‍ അഹമ്മദ് രണ്ട് ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 33 റണ്‍സാണ് വഴങ്ങിയത്.