ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കിഷന്‍ - ശുഭ്മാന്‍ ഗില്‍ (34) സഖ്യം 90 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 17-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്.
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ തകര്‍ന്നടിഞ്ഞു. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 40.5 ഓവറില്‍ 181 എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ഗുഡകേഷ് മോട്ടീ, റൊമാരിയ ഷെഫേര്‍ഡ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 55 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ (9) നിരാശപ്പെടുത്തി. നേരത്തെ, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കിഷന്‍ - ശുഭ്മാന്‍ ഗില്‍ (34) സഖ്യം 90 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 17-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗുഡകേഷ് മോട്ടിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഗില്‍ മടങ്ങി. ലോംഗ് ഓഫില്‍ അല്‍സാരി ജോസഫിന് ക്യാച്ച്. പിന്നീട് 23 റണ്‍സിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. പതിനെട്ടാം ഓവറില്‍ കിഷന്‍ മടങ്ങി. ഷെഫേര്‍ഡിന്റെ പന്തില്‍ ഗള്ളിയില്‍ അലിക് അതനാസെയ്ക്ക് ക്യാച്ച്. ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്സ്.
ഗില്ലിന് ശേഷം സഞ്ജു മൂന്നാമതായിട്ടാണ് ക്രീസിലെത്തിയിരുന്നത്. നാലാമന്‍ അക്സര്‍ പട്ടേലും (1). എട്ട് പന്ത് മാത്രം നേരിട്ട് അക്സര്‍ വിന്‍ഡീസിന് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (7) തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും നിരാശപ്പെടുത്തി. അവസാനം പുറത്തായ സഞ്ജുവിനാട്ടെ അവസരം മുതലാക്കാനുമായില്ല. 19 പന്തുകള്‍ താരം നേരിട്ടിരുന്നു. യാനിക് കറിയയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. അപ്പോള്‍ അഞ്ചിന് 113 എന്ന നിലയിലായി ഇന്ത്യ.
പിന്നാലെ മഴയെത്തി. സൂര്യകുമാര്‍ യാദവ് (24), രവീന്ദ്ര ജഡേജ (10) എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അധികനേരം നീണ്ടുപോയില്ല. ഷാര്‍ദുല്‍ ഠാക്കൂര്‍ (16), ഉമ്രാന്‍ മാലിക്ക് (0), മുകേഷ് കുമാര്‍ (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കുല്‍ദീപ് യാദവ് (8) പുറത്താവാതെ നിന്നു. അല്‍സാരി ജോസഫ് രണ്ടും ജെയ്ഡന്‍ സീല്‍സ്, യാനിക് കറിയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് രണ്ട് മാറ്റം വരുത്തി. അല്‍സാരി ജോസഫ്, കീസി കാര്‍ടി എന്നിവര്‍ ടീമിലെത്തി. ഡൊമിനിക് ഡ്രാക്‌സ്, റോവ്മാന്‍ പവല്‍ എന്നിവരാണ് പുറത്തായത്. ഇന്ത്യ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം നല്‍കി. രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.
ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.
വിന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: ഷായ് ഹോപ്(വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), കെയ്ല്‍ മെയേഴ്‌സ്, ബ്രാണ്ടന്‍ കിംഗ്, എലിക് അഥാന്‍സെ, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, കീസി കാര്‍ടി, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.
