പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: വിരാട് കോലിയുടെ ആവേശസെഞ്ചുറിയും രസംകൊല്ലിമഴയും കണ്ട രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന് 280 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തു. 42-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലിയാണ്(120 റണ്‍സ്) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയാസ് അയ്യര്‍ 71 റണ്‍സെടുത്തു. വിന്‍ഡീസിനായി ബ്രാത്ത്‌വെയ്റ്റ് മൂന്ന് വിക്കറ്റ് നേടി. 

ബാറ്റിംഗാരംഭിച്ച ഇന്ത്യയെ തുടക്കത്തിലെ വെസ്റ്റ് ഇന്‍ഡീസ് ഞെട്ടിച്ചു. രണ്ട് റണ്‍സില്‍ നില്‍ക്കേ ശിഖര്‍ ധവാനെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ കോട്രല്‍ എല്‍ബിയില്‍ പുറത്താക്കി. 16-ാം ഓവറില്‍ രോഹിതിനെ(18 റണ്‍സ്) പൂരാന്‍റെ കൈകളിലെത്തിച്ച് ചേസ് അടുത്ത ബ്രേക്ക് ത്രൂ നല്‍കി. നാലാമന്‍ ഋഷഭ് പന്ത് 20 റണ്‍സിലും പുറത്തായി. ഇതിന് ശേഷം കോലി- ശ്രേയാസ് സഖ്യം ഇന്ത്യന്‍ ഇന്നിംഗ്‌സിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. 

അമ്പത്തിയ‌ഞ്ചാം ഏകദിന അര്‍ധ സെഞ്ചുറിയുമായി കുതിച്ച കോലി 112 പന്തില്‍ 42-ാം സെഞ്ചുറിയിലെത്തി. ഇതിനിടെ ഒരുപിടി റെക്കോര്‍ഡുകളും ഇന്ത്യന്‍ നായകന്‍ പേരിലാക്കി. 125 പന്തില്‍ 120 റണ്‍സെടുത്ത കോലിയെ ബ്രാത്ത്‌വെയ്റ്റ് 42-ാം ഓവറില്‍ റോച്ചിന്‍റെ കൈകളിലെത്തിച്ചു. ഇന്ത്യ 42.2 ഓവറില്‍ നാല് വിക്കറ്റിന് 233 റണ്‍സെന്ന നിലയില്‍ നില്‍ക്കവേ മഴയെത്തി. ശ്രേയാസ് അയ്യരും(58 റണ്‍സ്), കേദാര്‍ ജാദവും(6 റണ്‍സ്) ആയിരുന്നു ഈസമയം ക്രീസില്‍. 

ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചാണ് മത്സരം പുനരാരംഭിച്ചത്. എന്നാല്‍ 71 റണ്‍സെടുത്ത ശ്രേയാസ് അയ്യരെ 46-ാം ഓവറില്‍ ഹോള്‍ഡര്‍ വീഴ്‌ത്തിയത് നിര്‍ണായകമായി. കേദാര്‍ ജാദവ്(16), ഭുവനേശ്വര്‍ കുമാര്‍(1) എന്നിവരും മഴയ്‌ക്ക് ശേഷം മടങ്ങി. ഇതോടെ ഇന്ത്യ 50 ഓവറില്‍ 279-7 എന്ന സ്‌കോറില്‍ ചുരുങ്ങുകയായിരുന്നു. രവീന്ദ്ര ജഡേജയും(16 റണ്‍സ്) മുഹമ്മദ് ഷമിയും(മൂന്ന് റണ്‍സ്) പുറത്താകാതെ നിന്നു.