ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഒമാനെ വിന്‍ഡീസ് പേസറായ റൊമാരിയോ ഷെപ്പേര്‍ഡും ഓള്‍ റൊണ്ടര്‍ കെയ്ല്‍ മയേഴ്സും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. ഷെപ്പേര്‍ഡ് 10 ഓവറില്‍ 44 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മയേഴ്സ് ഏഴോവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഹരാരെ: ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിന് ആശ്വാസ ജയം. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഒമാനെ വിന്‍ഡീസ് ഏഴ് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗിന്‍റെ സെഞ്ചുറി മികവില്‍ വിന്‍ഡീസ് 39.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ ഒമാന്‍ 50 ഓവറില്‍ 221-9, വിന്‍ഡീസ് 39.4 ഓവറില്‍ 222-3.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഒമാനെ വിന്‍ഡീസ് പേസറായ റൊമാരിയോ ഷെപ്പേര്‍ഡും ഓള്‍ റൊണ്ടര്‍ കെയ്ല്‍ മയേഴ്സും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. ഷെപ്പേര്‍ഡ് 10 ഓവറില്‍ 44 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മയേഴ്സ് ഏഴോവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. 65 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യന്‍ വംശജനായ സൂരജ് കുമാറാണ് ഒമാന്‍റെ ടോപ് സ്കോറര്‍. ഷൊയൈബ് ഖാന്‍ 54 പന്തില്‍ 50 റണ്‍സെടുത്തു, ഇരുവരും ചേര്‍ന്ന കൂട്ടുകെട്ടാണ് ഒമാനെ 200 കടത്തിയത്. 31 റണ്‍സെടുത്ത കശ്യപ് പ്രജാപതിയും 30 റണ്‍സെടുത്ത അയാന്‍ ഖാനുമാണ് ഒമാന്‍റെ മറ്റ് പ്രധാന സ്കോറര്‍മാര്‍.

ആഷസ്: മൊയീന്‍ അലി തിരിച്ചെത്തി, മാറ്റങ്ങളുമായി ഹെഡിങ്‌ലി ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിനെ(4) തുടക്കത്തിലെ നഷ്ടമായെങ്കിലും കീസി കാര്‍ട്ടിയും(29) ബ്രാണ്ടന്‍ കിംഗും ചേര്‍ന്ന് വിന്‍ഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു. കാര്‍ട്ടി പുറത്തായശേഷമെത്തി ഷായ് ഹോപ്പിനൊപ്പം(63*) കിംഗ് 96 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 104 പന്തില്‍ 100 റണ്‍സെടുത്ത കിംഗ് സെഞ്ചുറി നേടിയതിന് പിന്നാലെ പുറത്തായെങ്കിലും നിക്കോളാസ് പുരാനൊപ്പം(19*) ഷായ് ഹോപ്പ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ സ്കോട്‌ലന്‍ഡിനോട് തോറ്റതോടെയാണ് ഈ വര്‍ഷം ഒക്ടോബബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനാവാതെ വിന്‍ഡീസ് പുറത്തായത്. രണ്ട് വട്ടം ചാമ്പ്യന്‍മാരായ വിന്‍ഡീസ് ചരിത്രത്തില്‍ ആദ്യമായാണ് ഏകദിന ലോകകപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെടുന്നത്.