ടോസിലെ നിര്‍ഭാഗ്യം വിന്‍ഡീസിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍മാരായ കെയ്ല്‍ മയേഴ്സും ബ്രാണ്ടന്‍ കിംഗും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. കരുതലോടെ തുടങ്ങിയ ഇരുവരും പിന്നീട് തകര്‍ത്തടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ മയേഴ്സ്-കിംഗ് സഖ്യം 7.2 ഓവറില്‍ 57 റണ്‍സെടുത്തശേഷമാണ് വേര്‍ പിരിഞ്ഞത്.

സെന്‍റ് കിറ്റ്സ്: ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ കെയ്ല്‍ മയേഴ്സിന്‍റെ അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 50 പന്തില്‍ 73 റണ്‍സെടുത്ത മയേഴ്സ് ആണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റെടുത്തു.

തകര്‍പ്പന്‍ തുടക്കം

ടോസിലെ നിര്‍ഭാഗ്യം വിന്‍ഡീസിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍മാരായ കെയ്ല്‍ മയേഴ്സും ബ്രാണ്ടന്‍ കിംഗും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. കരുതലോടെ തുടങ്ങിയ ഇരുവരും പിന്നീട് തകര്‍ത്തടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ മയേഴ്സ്-കിംഗ് സഖ്യം 7.2 ഓവറില്‍ 57 റണ്‍സെടുത്തശേഷമാണ് വേര്‍ പിരിഞ്ഞത്. 20 റണ്‍സെടുത്ത കിംഗിനെ മടക്കി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

എന്നാല്‍ വണ്‍ഡൗണായി എത്തിയ ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍ മയേഴ്സിന് മിക്ച പിന്തുണ നല്‍കിയതോടെ വിന്‍ഡീസ് ഭേദപ്പട്ടെ സ്കോറിലേക്ക് നീങ്ങി. പതിനഞ്ചാം ഓവറില്‍ 100 റണ്‍സിലെത്തിയ വിന്‍ഡീസിന് തൊട്ടുപിന്നാലെ പുരാനെ(22) നഷ്ടമായെങ്കിലും മയേഴ്സ് ഒരറ്റത്ത് ഉറച്ചുനിന്നതോടെ വിന്‍ഡീസ് സ്കോര്‍ കുതിച്ചു.

പതിനേഴാം ഓവറില്‍ മയേഴ്സ്(73) പുറത്തായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹെറ്റ്മെയറും(20), റൊവ്മാന്‍ പവലും(14 പന്തില്‍ 23) ചേര്‍ന്ന് വിന്‍ഡീസിനെ 164 റണ്‍സിലെത്തിച്ചു. പതിനഞ്ചാം ഓവറില്‍ 100 കടന്ന വിന്‍ഡീസ് അവസാന അഞ്ചോവറില്‍ 64 റണ്‍സടിച്ചു. മൂന്നോവറില്‍ 47 റണ്‍സ് വഴങ്ങിയ ആവേശ് ഖാന്‍ വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റും അര്‍ഷദീപ് സിംഗ് നാലോവറില്‍ 33 റണ്‍സിന് ഒരു വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 19 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇന്നലെ നടന്ന രണ്ടാം മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ദീപക് ഹൂഡ അന്തിന ഇലവനിലെത്തി. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ശ്രേയസ് അയ്യര്‍ക്ക് ഇന്നത്തെ മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല. അതേസമയം, രണ്ടാം മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങിയത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ ജയിച്ചപ്പോല്‍ രണ്ടാം മത്സരം ജയിച്ച് വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു.