ആന്റിഗ്വെ: ക്രിസ് ഗെയ്‌ലിനെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ തെരഞ്ഞെടുത്തു. ഗെയ്‌ലിന്റെ അവസാന ഏകദിന പരമ്പരയായിരിക്കുമിത്. നേരത്തെ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പറഞ്ഞിരുന്ന താരമാണ് ഗെയ്ല്‍. എന്നാല്‍ നാട്ടില്‍ ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയോടെ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ജോണ്‍ ക്യാംബെല്‍, റോസ്റ്റണ്‍ ചേസ്, കീമോ പോള്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുനില്‍ ആംബ്രിസ്, ഡാരന്‍ ബ്രാവോ, ഷാനോന്‍ ഗബ്രിയേല്‍, അഷ്‌ലി നേഴ്‌സ് എന്നിവരെ ടീമില്‍ നിന്നൊഴിവാക്കി. ലോകകപ്പിനിടെ പരിക്കേറ്റ ആന്ദ്രേ റസ്സലും ടീമിലില്ല.

11 റണ്‍സ് കൂടി നേടിയാല്‍ ഗെയ്‌ലിന് ഒരു റെക്കോഡ് കൂടി സ്വന്തമാവും. വിന്‍ഡീസിന് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡാണ് ഗെയ്‌ലിനെ കാത്തിരിക്കുന്നത്. ഇപ്പോള്‍ 10,338 റണ്‍സാണ് ഗെയ്‌ലിന്റെ അക്കൗണ്ടിലുള്ളത്. 

വിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ജോണ്‍ ക്യാംബെല്‍, എവിന്‍ ല്യൂയിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പൂരന്‍, റോസ്റ്റണ്‍ ചേസ്, ഫാബിയന്‍ അലന്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, കീമോ പോള്‍, ക്രിസ് ഗെയ്ല്‍, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ഒഷാനെ തോമസ്, ഷായ് ഹോപ്, കെമര്‍ റോച്ച്.