ഐപിഎല്‍ 2024 സീസണിന്‍റെ പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുന്ന അതേ ആഴ്‌ചയാണ് വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക ട്വന്‍റി 20 പരമ്പരയും

ജമൈക്ക: ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ടൂര്‍ണമെന്‍റിന്‍റെ സഹ ആതിഥേയരായ കരീബിയന്‍ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്‍റി 20 പരമ്പര കളിക്കാന്‍ ദക്ഷിണാഫ്രിക്ക. ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുമ്പ് മെയ് മാസം അവസാനത്തിലാകും ദക്ഷിണാഫ്രിക്കയുടെ വിന്‍ഡീസ് പര്യടനം നടക്കുക. ഐപിഎല്‍ താരങ്ങള്‍ക്ക് പരമ്പരയില്‍ കളിക്കേണ്ടിവന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന് അത് തിരിച്ചടിയാവും. എന്നാല്‍ പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് സ്ക്വാഡ് സംബന്ധിച്ച് സൂചനകള്‍ ഇതുവരെയില്ല. 

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും അമേരിക്കയും സംയുക്തമായാണ് 2024ലെ പുരുഷ ട്വന്‍റി 20 ലോകകപ്പിന് ആതിഥേയത്വമരുളുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ മൂന്ന് ട്വന്‍റി 20കളുടെ പരമ്പര കളിച്ച് ടൂര്‍ണമെന്‍റിന് സജ്ജമാകാനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം. കരീബിയന്‍ മൈതാനങ്ങളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇത് പ്രോട്ടീസ് ടീമിനെ സഹായിച്ചേക്കും. മെയ് 23ന് ജമൈക്കയിലെ സബീന പാര്‍ക്കിലാണ് ആദ്യ ടി20 നടക്കുക. ജമൈക്കയില്‍ തന്നെ 25, 26 തിയതികളിലാണ് രണ്ടും മൂന്നും ട്വന്‍റി 20കള്‍. ഐപിഎല്ലില്‍ കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്‍റെയും ദക്ഷിണാഫ്രിക്കയുടെയും താരങ്ങള്‍ പരമ്പരയില്‍ കളിക്കുമോ എന്ന് വ്യക്തമല്ല.

ഐപിഎല്‍ 2024 സീസണിന്‍റെ പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുന്ന അതേ ആഴ്‌ചയാണ് വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക ട്വന്‍റി 20 പരമ്പര നടക്കുന്നത്. ഇത് പ്ലേ ഓഫ് സാധ്യതകളുള്ള രാജസ്ഥാന്‍ റോയല്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ആശങ്കയാണ്. റോയല്‍സ് താരങ്ങളായ റോവ്‌മാന്‍ പവലിനും ഷിമ്രോന്‍ ഹെറ്റ്‌മെയറിനും സണ്‍റൈസേഴ്‌സ് താരമായ ഹെന്‍‌റിച്ച് ക്ലാസനും കെകെആറിന്‍റെ ആന്ദ്രേ റസലിനും പരമ്പരയ്ക്കായി തിരിക്കേണ്ടിവന്നാല്‍ അത് ടീമുകള്‍ക്ക് തിരിച്ചടിയാവും.

ഐപിഎല്ലില്‍ നിന്ന് ടീമുകള്‍ പുറത്താകും വരെ ഇന്ത്യയില്‍ തുടരാന്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ വിന്‍ഡീസ് ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയായ പവലില്ലാതെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയ്ക്ക് സ്ക്വാഡിനെ കരീബിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിക്കുമോ എന്നതാണ് ഉയരുന്ന സംശയം. വെസ്റ്റ് ഇന്‍ഡീസിനും ലോകകപ്പ് തയ്യാറെടുപ്പിന്‍റെ ഭാഗമാണ് ഈ പരമ്പര. 

Read more: സ്റ്റാര്‍ ഫിനിഷര്‍ ശ്രദ്ധാകേന്ദ്രം, ബൗളര്‍മാരില്‍ വന്‍ അഴിച്ചുപണിയോ? രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം