ആന്റിഗ്വ: ആന്റിഗ്വ ക്രിക്കറ്റ് ടെസ്റ്റില്‍ 75 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും മോശം തുടക്കം. മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്. 14 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും അഞ്ച് റണ്ണുമായി അജിങ്ക്യാ രഹാനെയും ക്രീസില്‍. ലോകേഷ് രാഹുല്‍(38), മായങ്ക് അഗര്‍വാള്‍(16), ചേതേശ്വര്‍ പൂജാര(25) എന്നിവരുടെ വിക്കറ്റുകളാണ ഇന്ത്യക്ക് നഷ്ടമായത്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 173 റണ്‍സിന്റെ ആകെ ലീഡുണ്ട്.

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-മായങ്ക് സഖ്യം 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മായങ്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. രാഹുലും പൂജാരയും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും രാഹുലിനെ(38) വീഴ്ത്തി ചേസ് വീണ്ടും ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു. പിന്നാലെ വിശ്വസ്തനായ പൂജാരയെ(25)കെമര്‍ റോച്ച് ബൗള്‍ഡാക്കിയതോടെ ഇന്ത്യ പതറിയെങ്കിലും കോലി-രഹാനെ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു.

നേരത്തെ എട്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് 222 റണ്‍സിന് പുറത്താക്കി ഇന്ത്യ 75 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ചെറുത്തു നിന്നതോടെ ഇന്ത്യയുടെ ലീ‍ഡ് മോഹങ്ങള്‍ക്ക് തുടക്കത്തില്‍ തിരിച്ചടിയേറ്റിരുന്നു.
ഒമ്പതാമനായി ക്രീസിലെത്തിയ മിഗ്വയ്ല്‍ കമിന്‍സ് 45 പന്തുകള്‍ നേരിട്ട് ഒരു റണ്‍പോലുമെടുത്തില്ലെങ്കിലും ഹോള്‍ഡര്‍ക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ അസ്വസ്ഥരായി. ഒടുവില്‍ കമിന്‍സിനെ ഷമിയുടെ പന്തില്‍ ഋഷഭ് പന്ത് പിടികൂടിയപ്പോഴാകട്ടെ അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും വിന്‍ഡീസ് റിവ്യ ചെയ്തു. റിവ്യൂവില്‍ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് വ്യക്തമായി.

എന്നാല്‍ 39 റണ്‍സെടുത്ത് ഇന്ത്യക്ക് തലവേദന സൃഷ്ടിച്ച ജേസണ്‍ ഹോള്‍ഡറെ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷാമി ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ ഷാനോണ്‍ ഗബ്രിയേലിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ 222 റണ്‍സിന് വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യക്കായി ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഷമിയും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബുമ്രക്കാണ് ഒരു വിക്കറ്റ്.