പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ 42-ാം ഏകദിന സെഞ്ചുറിക്കിടയിലും വിന്‍ഡീസിനെതിരായ രണ്ടാം മത്സരത്തില്‍ രസംകൊല്ലിയായി മഴ. ഇന്ത്യ 42.2 ഓവറില്‍ നാല് വിക്കറ്റിന് 233 റണ്‍സെന്ന നിലയില്‍ നില്‍ക്കവേയാണ് മഴയെത്തിയത്. ശ്രേയാസ് അയ്യരും(58 റണ്‍സ്), കേദാര്‍ ജാദവും(6 റണ്‍സ്) ആണ് ക്രീസില്‍. 

57 പന്തില്‍ അമ്പത്തിയ‌ഞ്ചാം ഏകദിന അര്‍ധ സെഞ്ചുറി തികച്ച കോലി 112 പന്തില്‍ 42-ാം സെഞ്ചുറിയിലെത്തി. ഇതിനിടെ ഒരുപിടി റെക്കോര്‍ഡുകളും ഇന്ത്യന്‍ നായകന്‍ പേരിലാക്കി. 125 പന്തില്‍ 120 റണ്‍സെടുത്ത കോലിയെ ബ്രാത്ത്‌വെയ്റ്റ് 42-ാം ഓവറില്‍ റോച്ചിന്‍റെ കൈകളിലെത്തിച്ചതിന് പിന്നാലെയാണ് മഴയെത്തിയത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും നാലാമന്‍ ഋഷഭ് പന്തും നേരത്തെ പുറത്തായിരുന്നു. 

ടോസ് നേടി ബാറ്റിംഗാരംഭിച്ച ഇന്ത്യയെ തുടക്കത്തിലെ വെസ്റ്റ് ഇന്‍ഡീസ് ഞെട്ടിച്ചു. രണ്ട് റണ്‍സില്‍ നില്‍ക്കേ ശിഖര്‍ ധവാനെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ കോട്രല്‍ എല്‍ബിയില്‍ പുറത്താക്കി. 16-ാം ഓവറില്‍ രോഹിതിനെ പൂരാന്‍റെ കൈകളിലെത്തിച്ച് ചേസ് അടുത്ത ബ്രേക്ക് ത്രൂ നല്‍കി. 18 റണ്‍സാണ് രോഹിത് നേടിയത്. ഋഷഭ് പന്ത് 20 റണ്‍സിലും പുറത്തായി. ഇതിന് ശേഷം കോലി- ശ്രേയാസ് സഖ്യം ഇന്ത്യന്‍ ഇന്നിംഗ്‌സിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.