ഗയാന: ദീപക് ചാഹറിന്‍റെ ക്ലാസിക് പേസാക്രമണം കണ്ട മൂന്നാം ടി20യില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം. കീറോണ്‍ പൊള്ളാര്‍ഡിന്‍റെ അര്‍ധ സെഞ്ചുറിക്കിടയിലും മൂന്ന് വിക്കറ്റുമായി ദീപക് ചാഹറും രണ്ട് പേരെ പുറത്താക്കി നവ്‌ദീപ് സെയ്‌നിയും ചേര്‍ന്ന് വിന്‍ഡീസിനെ 20 ഓവറില്‍ 146-6 എന്ന സ്‌കോറിലൊതുക്കി. പൊള്ളാര്‍ഡാണ്(58 റണ്‍സ്) വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. ദീപക് മൂന്ന് ഓവറില്‍ വെറും നാല് റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്. 

ദീപക് ചാഹര്‍ ആഞ്ഞടിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച വിന്‍ഡീസിന് രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. കൂറ്റനടിക്കാരനായ സുനില്‍ നരെയ്‌നെ(2 റണ്‍സ്) ചാഹര്‍ സെയ്‌നിയുടെ കൈകളിലെത്തിച്ചു. നാലാം ഓവറിലെ ആദ്യ പന്തില്‍ എവിന്‍ ലെവിസിനെയും(10 റണ്‍സ്) അഞ്ചാം പന്തില്‍ ഹെറ്റ്‌മയറെയും(1 റണ്‍സ്) എല്‍ബിയില്‍ ചാഹര്‍ മടക്കി. സെയ്‌നി പുറത്താക്കുമ്പോള്‍ പുരാന്‍റെ അക്കൗണ്ടില്‍ 17 റണ്‍സ്. 

കീറോണ്‍ പൊള്ളാര്‍ഡിന്‍റെ അര്‍ദ്ധ സെഞ്ചുറിയാണ് പിന്നീട് വിന്‍ഡീസിനെ 100 കടത്തിയത്. എന്നാല്‍ 45 പന്തില്‍ ആറ് സിക്‌സുകള്‍ സഹിതം 58 റണ്‍സെടുത്ത പൊള്ളാര്‍ഡിനെ 16-ാം ഓവറില്‍ സെയ്‌നി പുറത്താക്കിയതോടെ വിന്‍ഡീസ് വീണ്ടും പ്രതിരോധത്തിലായി. പിന്നാലെ ബ്രാത്ത്‌വെയ്‌റ്റ്(10 റണ്‍സ്) പുറത്താക്കി രാഹുല്‍ ചാഹര്‍ ആദ്യ ടി20 വിക്കറ്റ് നേടി. അവസാന ഓവറുകളില്‍ റോവ്‌മാന്‍ പവലും(32 റണ്‍സ്) ഫാബിയന്‍ അലനും(8 റണ്‍സ്) വിന്‍ഡീസിനെ മാന്യമായ സ്‌കോറിലെത്തിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.