Asianet News MalayalamAsianet News Malayalam

ഗയാനയില്‍ കൊടുങ്കാറ്റായി ഷമര്‍ ജോസഫ്, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; വിന്‍ഡീസിനും കൂട്ടത്തകര്‍ച്ച

വിന്‍ഡീസിനായി ഷമര്‍ ജോസഫ് തന്‍റെ പത്താം ടെസ്റ്റില്‍ കരിയറിലെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റെടുത്തു.

West Indies vs South Africa, 2nd Test - Live updates, Shamar Joseph takes fifer, SA all out for 160
Author
First Published Aug 16, 2024, 8:55 AM IST | Last Updated Aug 16, 2024, 8:57 AM IST

ഗയാന: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് വെസ്റ്റ് ഇന്‍ഡീസ്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 160 റണ്‍സിന് വിന്‍ഡീസ് എറിഞ്ഞു വീഴ്ത്തി. 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഷമര്‍ ജോസഫാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 97-9 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക 100 കടക്കില്ലെന്ന് കരുതിയെങ്കിലും പത്താമനായി ഇറങ്ങി 38 റണ്‍സുമായി പുറത്താകാതെ നിന്ന ഡെയ്ന്‍ പെഡ്റ്റും 11-ാമനായി ഇറങ്ങി 23 റണ്‍സെടുത്ത നാന്ദ്രെ ബര്‍ഗറും ചേര്‍ന്ന് 61 റണ്‍സ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയെ 150 കടത്തി.

26 റണ്‍സെടുടുത്ത ട്രിസ്റ്റൻ സ്റ്റബ്സും 28 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാമും 21 റണ്‍സെടുത്ത കെയ്ൽ വെറിയന്നെയും 14 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവുമാണ് ദക്ഷിണാഫ്രിക്കൻ നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. ക്യാപ്റ്റന്‍ ടെംബാ ബാവുമ പൂജ്യത്തിന് പുറത്തായി. വിന്‍ഡീസിനായി ഷമര്‍ ജോസഫ് തന്‍റെ പത്താം ടെസ്റ്റില്‍ കരിയറിലെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റെടുത്തു.

എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനെ തെരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്; രോഹിത്തും കോലിയും ടീമില്‍

മറുപടി ബാറ്റിംഗില്‍ അതേനാണയത്തില്‍ മറുപടി നല്‍കിയ ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെയും ആദ്യ ദിനം കൂട്ടതകര്‍ച്ചയിലേക്ക് തള്ളിവിട്ടു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 97-7 എന്ന നിലയിലാണ് വിന്‍ഡീസ്. 33 റണ്‍സോടെ ക്രീസിലുള്ള ജേസണ്‍ ഹോള്‍ഡറാണ് ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്(3), മൈക്കിൽ ലൂയിസ്(0), കീസി കാര്‍ട്ടി(26), അലിക് അല്‍താനസെ(1), കാവെം ഹോഡ്ജ്(4), ജോഷ്വ ഡാ ഡിസില്‍വ(4), ഗുഡകേഷ് മോടി(11) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്.

മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ദക്ഷിണാഫ്രിക്കൻ സ്കോറിനൊപ്പെമെത്താന്‍ വിന്‍ഡീസിന് ഇനിയും 63 റണ്‍സ് കൂടി വേണം. ദക്ഷിണാഫ്രിക്കക്കായി വിയാന്‍ മുള്‍ഡര്‍ നാലു വിക്കറ്റെടുത്തപ്പോള്‍ നാന്ദ്രെ ബര്‍ഗര്‍ രണ്ട് വിക്കറ്റെടുത്തു. രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios