സെമി സാധ്യത നിലനിര്‍ത്തി, പക്ഷേ സെമിയില്‍ എത്തുക എളുപ്പമല്ല, ലോകകപ്പില്‍ ഇനി പാകിസ്ഥാന്‍റെ സാധ്യതകള്‍ 

കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മൂന്നാം ജയത്തോടെ സെമി സാധ്യത പാകിസ്ഥാൻ നിലനിർത്തി. എന്നാല്‍ സെമിയിലേക്ക് ചേക്കേറുക പാകിസ്ഥാന് അത്ര എളുപ്പമുള്ള കാര്യമല്ല. ശേഷിക്കുന്ന രണ്ട് കളികളും ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ വീഴ്ചയും കാത്തിരിക്കുകയാണ് ബാബര്‍ അസമും സംഘവും. അതേസമയം തുടര്‍ച്ചയായ ആറാം തോല്‍വിയോടെ ബംഗ്ലാദേശ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. 

ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ നെതര്‍ലൻഡ്‌സിനെയും ശ്രീലങ്കയേയും തകര്‍ത്ത് പാകിസ്ഥാൻ മികച്ച രീതിയിലാണ് ടൂര്‍ണമെന്‍റില്‍ തുടങ്ങിയത്. എന്നാൽ പരമ്പരാഗത വൈരികളായ ഇന്ത്യക്കെതിരായ തോൽവിയോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആത്മവിശ്വാസം നഷ്ടപ്പെട്ട പാകിസ്ഥാൻ പിന്നാലെ മൂന്ന് കളികള്‍ കൂടി തോറ്റ് പ്രതിസന്ധിയിലായി. എന്നാല്‍ കൊല്‍ക്കത്തയിലെ ഈഡൻ ഗാര്‍ഡൻസിൽ ബംഗ്ലാദേശിനെതിരെ 7 വിക്കറ്റ് ജയത്തോടെ ആയുസ് നീട്ടിയെടുത്തിരിക്കുകയാണ് പാക് പട. 205 റണ്‍സ് വിജയലക്ഷ്യം 32.3 ഓവറിൽ അടിച്ചെടുത്ത് നെറ്റ് റണ്‍റേറ്റിലും നേരിയ പുരോഗതി ഉണ്ടാക്കിയത് ടീമിന് ആശ്വാസം നല്‍കുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് -0.387 ആയിരുന്ന നെറ്റ് റണ്‍റേറ്റ് ഇപ്പോൾ -0.024 ആണ്.

ആറ് പോയിന്‍റുള്ള പാകിസ്ഥാന് അടുത്ത രണ്ട് കളിയും കൂടി ജയിച്ചാൽ 10 പോയിന്‍റ് ആകും. നവംബര്‍ 4ന് ന്യൂസിലൻഡിനെതിരാണ് ബാബര്‍ അസമിനും സംഘത്തിനും അടുത്ത കളി. നവംബര്‍ 11ന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനേയും നേരിടണം. നിലവിൽ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാൻ കാത്തിരിക്കുന്നത് മുന്നിലുള്ള ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ ടീമുകളുടെ വീഴ്ച്ചകള്‍ക്കായാണ്. എങ്കിലാണ് പാകിസ്ഥാന് സെമിയിലേക്ക് വഴി തുറക്കുക. 

ലോകകപ്പിൽ ബംഗ്ലാദേശിനെ 7 വിക്കറ്റിന് പാകിസ്ഥാൻ തകർക്കുകയായിരുന്നു. 205 റൺസ് വിജയലക്ഷ്യം പാകിസ്ഥാൻ മുപ്പത്തിമൂന്നാം ഓവറിൽ മറികടന്നു. ഓപ്പണര്‍മാരായ ഫഖര്‍ സമന്‍ 74 പന്തില്‍ 81 ഉം അബ്‌ദുള്ള ഷഫീഖ് 69 പന്തില്‍ 68 ഉം റണ്‍സ് നേടി. ക്യാപ്റ്റന്‍ ബാബര്‍ അസം 9 റണ്‍സില്‍ പുറത്തായപ്പോള്‍ മുഹമ്മദ് റിസ്‌വാനും (26*), ഇഫ്‌തീഖര്‍ അഹമ്മദും (17*) കളി ജയിപ്പിച്ചു. നേരത്തെ മൂന്ന് വിക്കറ്റ് വീതം നേടിയ ഷഹീന്‍ ഷാ അഫ്രീദിയും മുഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റുമായി ഹാരിസ് റൗഫുമാണ് ബംഗ്ലാദേശിനെ 45.1 ഓവറില്‍ 204 റണ്‍സില്‍ ഓള്‍ഔട്ടാക്കിയത്. ഫഖർ സമനാണ് കളിയിലെ താരം.

Read more: ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമാകുക ആര്‍ക്ക്?, അത് മുഹമ്മദ് ഷമിയല്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം