പാകിസ്ഥാൻ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) സംപ്രേക്ഷണവും ഇന്ത്യയില്‍ വിലക്കിയിരിക്കുകയാണ്
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. എല്ലാ മേഖലയിലേക്കും ഇത് വ്യാപിക്കുകയും ചെയ്യുകയാണിപ്പോള്‍. ക്രിക്കറ്റിലേക്ക് എത്തുമ്പോഴും വ്യത്യസ്തമല്ല കാര്യങ്ങള്‍. 2013ന് ശേഷം ഇന്ത്യ-പാകിസ്ഥാൻ ബിലാറ്ററല്‍ സീരീസുകള്‍ നടക്കാറില്ല. ഇരുടീമുകളും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഏറ്റുമുട്ടാറുള്ളത്.
എന്നാല്‍, അതും ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ബോർഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) നടത്തുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയേയും പാകിസ്ഥാനേയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നില്‍വെച്ചുകഴിഞ്ഞു. ഇന്ത്യയുമായുള്ള മത്സരങ്ങള്‍ ഒഴിവാകുകയാണെങ്കില്‍ പാകിസ്ഥാൻ ക്രിക്കറ്റിന്റെ വരുമാനത്തെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തലകള്‍.
ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്ഥാനും ഓരേ ഗ്രൂപ്പിലല്ലെങ്കില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യത വിരളമാണ്. വരുമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇരുടീമുകളേയും ഒരേഗ്രൂപ്പില്‍ അടുത്തിടയായി ഉള്‍പ്പെടുത്തുന്നത്. ട്വന്റി 20 ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലുമെല്ലാം കഥ വ്യത്യസ്തമായിരുന്നില്ല.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻ ഇൻഡസ്ട്രി (എഫ്ഐസിസിഐ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 10,000 കോടി രൂപയാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളില്‍ നിന്ന് ഉണ്ടായ വരുമാനം. ഐസിസിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ കൂടുതലായി ആശ്രയിക്കുന്ന ബോര്‍ഡുകളിലൊന്നാണ് പാകിസ്ഥാൻ. ഇന്ത്യ-പാകിസ്ഥാൻ മത്സരം ഒഴിവാകുന്നതോടെ ഐസിസിയുടെ വരുമാനവും ഇടിയും.
ഇതിനുപുറമെ പാകിസ്ഥാൻ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) സംപ്രേക്ഷണവും ഇന്ത്യയില്‍ വിലക്കിയിരിക്കുകയാണ്. പാകിസ്ഥാന്റെ അന്താരാഷ്ട്ര മത്സരങ്ങളും ഇനിമുതല്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യാനുള്ള സാധ്യത വിരളമാണ്. ഇന്ത്യൻ സംപ്രേക്ഷകരില്‍ നിന്നുള്ള വലിയൊരു വരുമാനം ഇതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കാതെയാകും.
സാമ്പത്തിക ബുദ്ധിമുട്ടുകളും ബോര്‍ഡിലെ പ്രശ്നങ്ങളും മൂലം പാകിസ്ഥാൻ ക്രിക്കറ്റ് ഏറെക്കാലമായി ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. പാകിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരങ്ങലുടെ യുട്യൂബ് ചാനലുകള്‍ പോലും ഇന്ത്യയില്‍ വിലക്കിയിട്ടുണ്ട്. ഷോയിബ് അക്തർ, ബാസിത് അലി പോലുള്ള താരങ്ങള്‍ക്ക് ഇന്ത്യയിലും ഏറെ ആരാധകരുള്ളതാണ്.
