സിഡ്നി: വനിതാ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും നാളെ ഏറ്റുമുട്ടാനിറങ്ങുകയാണ്. മഴ കളിച്ച സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഒരു പന്ത് പോലും കളിക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. കനത്ത മഴ മൂലം ഇന്ത്യ-ഇംഗ്ലണ്ട് സെമി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ ടീമെന്ന നിലയില്‍ ഇന്ത്യ ഫൈനലിലെത്തി.

രണ്ടാം സെമിയിലും മഴ കളിച്ചെങ്കിലും ഓവറുകള്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ അഞ്ച് റണ്‍സിന് വീഴ്ത്തിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഓസ്ട്രേലിയ ഫൈനലില്‍ എത്തിയത്. രണ്ട് സെമിഫൈനലിനും വേദിയായത് സിഡ്നിയായിരുന്നു. എന്നാല്‍ നാളെ നടക്കുന്ന ഫൈനലിന് വേദിയാവുന്നദ് മെല്‍ബണാണ്. മെല്‍ബണില്‍ നിലവില്‍ മഴ ഭീഷണി ഇല്ലെങ്കിലും മഴ പെയ്ത് മത്സരം പൂര്‍ണമായും മുടങ്ങിയാല്‍ തിങ്കളാഴ്ച മത്സരം നടത്തും.

സെമി ഫൈനലിന് റിസര്‍വ് ദിനമില്ലാത്തതിനാലായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് സെമി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഇന്ത്യ ഫൈനലിലെത്തിയത്. എന്നാല്‍ ഫൈനലിന് റിസര്‍വ് ദിനം ഉണ്ടെന്നതിനാല്‍ ഞായറാഴ്ച മത്സരം നടന്നില്ലെങ്കിലും തിങ്കളാഴ്ച മത്സരം നടത്തും. തിങ്കളാഴ്ചയും മത്സരം നടക്കാത്ത സാഹചര്യമുണ്ടായാല്‍ മാത്രം ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. മത്സരത്തിനുള്ള 75000 ടിക്കറ്റുകള്‍ ഇതിനകം വിറ്റു പോയിട്ടുണ്ട്.