ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പ്ലേ ഓഫ് സാധ്യതകള്‍ സങ്കീര്‍ണ്ണമാകും.

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന നിര്‍ണായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുകയാണ്. ജയിച്ചാല്‍ മുംബൈ പ്ലേ ഓഫിലെത്തുമെങ്കില്‍ തോറ്റാല്‍ പ്ലേ ഓഫ് ഉറപ്പാക്കാൻ ഇരു ടീമുകള്‍ക്കും പഞ്ചാബ് കിംഗ്സിനെതിരായ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും. മത്സരത്തിന് മഴ ഭീഷണിയുണ്ടെന്നത് ഇരു ടീമുകളുടെയും ചങ്കിടിപ്പ് കൂട്ടുന്നു.

മഴമൂലം ടോസ് വൈകാനും മത്സരത്തില്‍ ഓവറുകള്‍ വെട്ടിക്കുറക്കാനും സാധ്യതയുണ്ട്. രാത്രി ഏഴരവരെ മുംബൈയില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം. രാത്രി പത്തരയോടെ വീണ്ടും മഴ എത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റണമെന്ന് ഡല്‍ഹി ടീം സഹ ഉടമ പാര്‍ഥ് ജിന്‍‍ഡാല്‍ ആവശ്യപ്പെട്ടിരുന്നു. മഴയുടെ സാഹചര്യത്തില്‍ മത്സരം പൂര്‍ത്തിയാക്കാനുള്ള സമയം ഒരു മണിക്കൂറില്‍ നിന്ന് രണ്ട് മണിക്കൂറായി ബിസിസിഐ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ഇന്നത്തെ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ഇരു ടീമുകളും പോയന്‍റ് പങ്കിടുകയും ചെയ്താല്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം ഏതെന്ന് അറിയാന്‍ ആരാധകര്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും. നിലവില്‍ ഡല്‍ഹിക്ക് 13ഉം മുംബൈക്ക് 14ഉം പോയന്‍റാണുള്ളത്. മഴ മൂലം മത്സരം ഉപേക്ഷിച്ച് പോയന്‍റ് പങ്കിട്ടാല്‍ ഡല്‍ഹിക്ക് 14ഉം മുംബൈക്ക് 15ഉം പോയന്‍റാവും. അവസാന മത്സരത്തില്‍ ഡല്‍ഹി പഞ്ചാബിനെ തോല്‍പിച്ചാല്‍ ഡല്‍ഹിക്ക് പരമാവധി 16 പോയന്‍റ് സ്വന്തമാക്കാനാവും.

എന്നാല്‍ മുംബൈ തങ്ങളുടെ അവസാന മത്സരത്തില്‍ പഞ്ചാബിനെതിരെ ജയിച്ചാല്‍ 17 പോയന്‍റാവുമെന്നതിനാല്‍ അവസാന മത്സരത്തില്‍ പഞ്ചാബിനെതിരെ ജയിച്ചാലും ഡല്‍ഹി പുറത്താവും. മുംബൈയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ഉപേക്ഷിക്കുകയും അവസാന മത്സരത്തില്‍ പഞ്ചാബിനോട് തോല്‍ക്കുകയും ചെയ്താല്‍ പോലും പ്ലേ ഓഫ് സാധ്യതയുണ്ട്. അതിന് പക്ഷെ അവസാന മത്സരത്തില്‍ പഞ്ചാബിനോട് ഡല്‍ഹി തോൽക്കണമെന്ന് മാത്രം. പഞ്ചാബ് കിംഗ്സ് നേരത്തെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു. ഇന്ന് ഡല്‍ഹിക്കെതിരെ മുംബൈ ജയിച്ചാല്‍ ലീഗ് റൗണ്ടില്‍ ശേഷിക്കുന്ന ഏഴ് മത്സരങ്ങളും അപ്രസക്തമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക