ഏഷ്യാ കപ്പ് 2023ല്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരമാണ് സെപ്റ്റംബര്‍ രണ്ടാം തിയതി പാകിസ്ഥാനെതിരെ

ലാഹോര്‍: സെപ്റ്റംബര്‍- 2, ആ ദിനത്തിനായി കാത്തിരിക്കുകയാണ് ഒരു അതിര്‍ത്തി പങ്കിടുന്ന രണ്ട് രാജ്യങ്ങളിലെ ക്രിക്കറ്റ് ആരാധകര്‍. ഏഷ്യാ കപ്പില്‍ അന്നേ ദിവസമാണ് ഇന്ത്യയും പാകിസ്ഥാനും ഒരിടവേളയ്‌ക്ക് ശേഷം നേര്‍ക്കുനേര്‍ വരിക. ക്രിക്കറ്റ് ചരിത്രത്തില്‍ സിരകളെ തീപ്പിടിപ്പിക്കുന്ന പോരാട്ടം എന്ന വിശേഷണം അരക്കിട്ടുറപ്പിക്കുന്ന അയല്‍പ്പോരില്‍ ആരാവും വിജയി. ജയം ആര്‍ക്കായാലും നിര്‍ണായകമാവുക ഒറ്റക്കാര്യമെന്ന് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ പറയുന്നു. 

ഏഷ്യാ കപ്പ് 2023ല്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരമാണ് സെപ്റ്റംബര്‍ രണ്ടാം തിയതി പാകിസ്ഥാനെതിരെ. ശ്രീലങ്കയിലെ പല്ലെക്കെലെ സ്റ്റേഡിയത്തിലാണ് തീപാറും പോരാട്ടം. ഏകദിന ലോകകപ്പിലെ അങ്കത്തിന് മുമ്പ് ഒന്ന് ഉരസി നോക്കാനുള്ള അവസരമാണ് ഇരു ടീമിനും പല്ലെക്കെലെലിലേത്. മത്സരത്തില്‍ വിധി നിര്‍ണായകമായ ഘടകം എന്താകുമെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍. 'ഇന്ത്യ മികച്ച ടീമാണ്, പാകിസ്ഥാനും. ഇന്ത്യക്ക് കരുത്തും പോരായ്‌മകളുമുണ്ട്. ഞങ്ങളുടെ ടീമിനും അങ്ങനെതന്നെ. ലോകം വീക്ഷിക്കുന്നതിന്‍റെ എല്ലാ സമ്മര്‍ദവും ഇന്ത്യ- പാക് മത്സരത്തിനുണ്ട്. പരിചയമ്പത്താണ് സാധാരണ രാജ്യാന്തര താരങ്ങളും സ്റ്റാറുകളും തമ്മിലുള്ള വ്യത്യാസം. ഏത് ടീമാണോ സമ്മര്‍ദത്തെ നന്നായി കൈകാര്യം ചെയ്യുന്നത് അവര്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വിജയിക്കും' എന്നും മുഹമ്മദ് റിസ്‌വാന്‍ പറഞ്ഞു. 

നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഏകദിന ടീമാണ് പാകിസ്ഥാന്‍. ടീം ഇന്ത്യ മൂന്നാം സ്ഥാനക്കാരും. ഓഗസ്റ്റ് 30ന് നേപ്പാളിനെതിരെയാണ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍റെ ആദ്യ മത്സരം. ഇതിന് ശേഷമാണ് ഇന്ത്യയെ നേരിടുക. ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി 50 ഓവര്‍ ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍. 2019 ഏകദിന ലോകകപ്പിലാണ് ഇന്ത്യ പാക് ടീമുകള്‍ ഫോര്‍മാറ്റില്‍ അവസാനമായി മുഖാമുഖം വന്നത്. അന്ന് മഴനിയമം പ്രകാരം ഇന്ത്യ 89 റണ്‍സിന് വിജയിച്ചിരുന്നു. മത്സരത്തില്‍ സെഞ്ചുറി(113 പന്തില്‍ 140) നേടിയ രോഹിത് ശര്‍മ്മയാണ് ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍. പാകിസ്ഥാനെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള വിരാട് കോലി 65 പന്തില്‍ 77 റണ്‍സ് അടിച്ചിരുന്നു. കെ എല്‍ രാഹുലും അര്‍ധ സെഞ്ചുറി നേടി. 

Read more: 'കിടിലന്‍ താരം, എന്നിട്ടും അവനെ തഴഞ്ഞില്ലേ'; ഏഷ്യാ കപ്പ് ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെതിരെ ഡിവില്ലിയേഴ്‌സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം