Asianet News MalayalamAsianet News Malayalam

വാലറ്റക്കാരനെ പിടിച്ച് ഓപ്പണറാക്കി, രാജസ്ഥാന്‍ വീണ്ടും മണ്ടത്തരം കാണിക്കുന്നുവെന്ന് തുറന്നടിച്ച് ഉത്തപ്പ

എല്ലാവരെയും അമ്പരപ്പിക്കാനാണ് അവരിത് ചെയ്യുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. യശസ്വിക്കൊപ്പം തനുഷ് ഓപ്പണ്‍ ചെയ്യാന്‍ വരുന്നത് കണ്ട് കമന്‍ററി ബോക്സിലിരുന്ന ഞാന്‍ ശരിക്കും അമ്പരന്നു.

What is the logic, Robin Uthappa slams Sanju Samson for sending Tanush Kotiyan as Opener vs PBKS in IPL 2024
Author
First Published Apr 14, 2024, 10:15 AM IST | Last Updated Apr 14, 2024, 10:15 AM IST

മുല്ലൻപൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ബൗളിംഗ് ഓള്‍ റൗണ്ടറായ തനുഷ് കൊടിയാനെ ഓപ്പണറാക്കിയ രാജസ്ഥാൻ റോയല്‍സിന്‍റെ നീക്കത്തിനെതിരെ തുറന്നടിച്ച് മുന്‍ താരം റോബിൻ ഉത്തപ്പ. രാജസ്ഥാന്‍ കരുത്തുറ്റ ടീമാണെങ്കിലും എല്ലാ സീസണിലും അവര്‍ ഇതുപോലുള്ള വലിയ മണ്ടത്തരങ്ങള്‍ കാട്ടാറുണ്ടെന്ന് ഇതില്‍ നിന്നെങ്കിലും അവര്‍ പഠിച്ചാല്‍ മതിയെന്നും മത്സരശേഷം ജിയോ സിനിമയിലെ ടോക് ഷോയില്‍ ഉത്തപ്പ പറഞ്ഞു.

എല്ലാവരെയും അമ്പരപ്പിക്കാനാണ് അവരിത് ചെയ്യുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. യശസ്വിക്കൊപ്പം തനുഷ് ഓപ്പണ്‍ ചെയ്യാന്‍ വരുന്നത് കണ്ട് കമന്‍ററി ബോക്സിലിരുന്ന ഞാന്‍ ശരിക്കും അമ്പരന്നു. എന്ത് ലോജിക്കാണ് ഇതിന് പിന്നിലുള്ളതെന്ന് എനിക്ക് മനസിലാവുന്നില്ല. അവരുടെ പതിവ് കളി പുറത്തെടുത്താല്‍ തന്നെ പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാവും. ഇത്തരം ആന മണ്ടത്തരങ്ങള്‍ ചെയ്യാതിരുന്നാല്‍ മാത്രം മതി. പക്ഷെ എല്ലാ സീസണിലും അവര്‍ ഇത്തരത്തിലുള്ള എന്തെങ്കിലും അബദ്ധങ്ങള്‍ കാട്ടും. ആദ്യ ഐപിഎല്‍ മത്സരം കളിക്കുന്ന ഒരു യുവതാരത്തെ നേരെ ഓപ്പണിംഗിനായി പറഞ്ഞയക്കുകയെന്ന് ഇതിന് മുമ്പൊരിക്കലും താന്‍ കണ്ടിട്ടില്ലെന്നും ഉത്തപ്പ പറഞ്ഞു.

അടുത്ത സീസണില്‍ രോഹിത് ചെന്നൈയിലെത്തും, ക്യാപ്റ്റനുമാകും, വമ്പന്‍ പ്രവചനവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍

ഓപ്പണര്‍ ജോസ് ബട്‌‌ലര്‍ പരിക്കുമൂലം കളിക്കാതിരുന്നതോടെയാണ് രഞ്ജി ട്രോഫിയില്‍ മുംബൈക്കായി തിളങ്ങിയ തനുഷ് കൊടിയാന്‍  രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയത്. രഞ്ജി ട്രോഫിയില്‍ പത്താം നമ്പറിലിറങ്ങി മുംബൈക്കായി സെഞ്ചുറി അടിച്ച് തനുഷ് റെക്കോര്‍ഡിട്ടിരുന്നു. ബട്‌ലറുടെ അഭാവത്തില്‍ സാധാരണ മൂന്നാം നമ്പറിലിറങ്ങാറുള്ള സഞ്ജു ഇന്നലെ ഇംപാക്ട് സബ്ബായി കളിച്ച യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് എല്ലാവരും കരുതിരിക്കെയാണ് കൊടിയാന്‍ ഓപ്പണ്‍ ചെയ്യാനായി എത്തിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വിക്കൊപ്പം 56 റണ്‍സടിച്ചെങ്കിലും 31 പന്തില്‍ 24 റണ്‍സെടുത്ത് ടെസ്റ്റ് കളിച്ച തനുഷിന്‍റെ പ്രകടനം റണ്‍ചേസില്‍ രാജസ്ഥാന് തിരിച്ചടിയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ കുറഞ്ഞത് 25 പന്തെങ്കിലും കളിച്ചിട്ടുള്ള ഓപ്പണര്‍മാരിലെ മൂന്നാമത്തെ മോശം സ്ട്രൈക്ക് റേറ്റും ഇതോടെ കൊടിയാന്‍റെ പേരിലായി. രഞ്ജി ട്രോഫിയില്‍ മുംബൈ ടീമില്‍ ബൗളിംഗ് ഓള്‍ റൗണ്ടറായി കളിക്കുന്ന തനുഷ് പത്താം നമ്പറിലിറങ്ങി പുറത്താകാതെ 120 റണ്‍സും 89 റണ്‍സും നേടിയത് കണ്ടായിരുന്നു രാജസ്ഥാന്‍റെ തന്ത്രപരമായ നീക്കം.

എന്നാല്‍ തനുഷിനെ ഓപ്പണറാക്കിയത് തിരിച്ചടിയായെങ്കിലും മത്സരശേഷം തനുഷിനെ ഓപ്പണറാക്കിയുള്ള പരീക്ഷണത്തെ സഞ്ജു ന്യായീകരിച്ചു.  നെറ്റ്സില്‍ ന്നന്നായി ബാറ്റ് ചെയ്യുന്നത് കണ്ടാണ് ഒരു മത്സരത്തിലേക്കായി തനുഷിനെ ഓപ്പണറാക്കിയതെന്നും അത് മാത്രമല്ല, അതിനുശേഷം സെറ്റായ ബാറ്റിംഗ് നിരയില്‍ മാറ്റും വരുത്താതിരിക്കാനാണ് ഇത് ചെയ്തതെന്നും സഞ്ജു പറഞ്ഞു. ജോസ് ബട്‌ലറുടെ പരിക്ക് സാരമുള്ളതല്ലെന്നും അടുത്ത മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തുമെന്നും സഞ്ജു പറഞ്ഞു.ബൗളിംഗ് ഓള്‍ റൗണ്ടറായ തനുഷിന് മത്സരത്തില്‍ ഒരു ഓവര്‍ പോലും സഞ്ജു നല്‍കിയില്ലെന്നതും ശ്രദ്ധേയമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios