കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 60 വിക്കറ്റുകൾ കൊയ്യുകയും ജമ്മു കശ്മീരിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത താരമാണ് ആഖ്വിബ് നബി.
മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടരുമായിരുന്ന ദിലീപ് വെങ്‌സർക്കാർ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ വിലമതിക്കുന്നില്ലെങ്കിൽ ബിസിസിഐ രഞ്ജി ട്രോഫി ടൂർണമെന്‍റ് തന്നെ നിർത്തലാക്കണമെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു. രഞ്ജി ട്രോഫിയിലെ ഈ സീസണിലെ ടോപ്പ് വിക്കറ്റ് ടേക്കറായ ജമ്മു കശ്മീര്‍ പേസർ ആഖ്വിബ് നബിയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് വെങ്‌സർക്കാരെ ചൊടിപ്പിച്ചത്.

കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 60 വിക്കറ്റുകൾ കൊയ്യുകയും ജമ്മു കശ്മീരിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത താരമാണ് ആഖ്വിബ് നബി. എന്നിട്ടും അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി താരത്തെ പൂർണ്ണമായി അവഗണിക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതാർ, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ എന്നിവരെയാണ് ബൗളിങ് നിരയിലേക്ക് സെലക്ടർമാർ തിരഞ്ഞെടുത്തത്.
ആഖ്വിബ് നബിയെ തഴഞ്ഞ സെലക്ടർമാരുടെ തീരുമാനം തികച്ചും അസംബന്ധമാണെന്നും വെങ്‌സർക്കാർ വ്യക്തമാക്കി. ഇതൊക്കെ എന്ത് തരത്തിലുള്ള സെലക്ഷനാണ്?. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇതൊരു വലിയ അനീതിയാണ്. രഞ്ജി ട്രോഫിയിൽ 60 വിക്കറ്റുകൾ വീഴ്ത്തിയ നബിയുടെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചു നോക്കൂ. അവൻ അതിനായി കഠിനാധ്വാനം ചെയ്തു, മറ്റെല്ലാവരേക്കാളും ടീമിൽ ഇടംപിടിക്കാൻ അവൻ അർഹനാണ്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങൾ മാനദണ്ഡമല്ലെങ്കിൽ ബിസിസിഐ ആഭ്യന്തര ക്രിക്കറ്റ് തന്നെ നിര്‍ത്തുന്നതാണ് നല്ലതെന്നും വെങ്‌സർക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
തുടർച്ചയായി രണ്ട് സീസണുകളിൽ മിന്നും പ്രകടനമാണ് നബി കാഴ്ചവെച്ചത്. ഇതിന് മുൻപത്തെ രഞ്ജി സീസണിലും 13.27 ശരാശരിയിൽ 44 വിക്കറ്റുകൾ നബി നേടിയിരുന്നു. വിക്കറ്റുകൾ വീഴ്ത്താനുള്ള കഴിവ് നോക്കിയാണ് ബൗളർമാരെ തിരഞ്ഞെടുക്കേണ്ടത്. അവൻ 130 കി.മീ വേഗതയിലാണ് ബൗൾ ചെയ്യുന്നതെങ്കിലും വിക്കറ്റ് എടുക്കാനുള്ള കഴിവിനാണ് പ്രാധാന്യം. ഒരു കളിക്കാരൻ മികച്ച ഫോമിൽ നിൽക്കുമ്പോൾ തന്നെ അവന് അവസരം നൽകണം. അവരുടെ ആത്മവിശ്വാസവും ഫിറ്റ്‌നസും നഷ്ടപ്പെടുന്നത് വരെ കാത്തിരിക്കരുതെന്നും വെങ്‌സർക്കാർ കൂട്ടിച്ചേർത്തു.
അതൃപ്തി പരസ്യമാക്കി ഇർഫാൻ പഠാനും; ന്യായീകരണവുമായി ബിസിസിഐ
വെങ്‌സർക്കാർ മാത്രമല്ല, മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാനും ഇന്ത്യൻ ടീം സെലക്ഷനെതിരെ പരസ്യമായി രംഗത്തുവന്നു. രഞ്ജി ട്രോഫി പ്രകടനങ്ങളെ ദയവുചെയ്ത് അവഗണിക്കരുത് എന്നാണ് പഠാൻ എക്സിൽ കുറിച്ചത്. അതേസമയം, നബിക്ക് പകരം ഗുർനൂർ ബ്രാറിനെ ടീമിലെടുത്തതിനെ ന്യായീകരിച്ച് ബിസിസിഐ വൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സീസണിലും ഏറ്റവും കൂടുതൽ റണ്ണും വിക്കറ്റും എടുക്കുന്നവരുണ്ടാകുമെന്നും, വെറും സ്റ്റാറ്റിസ്റ്റിക്സ് മാത്രം നോക്കിയാണോ ടീമിനെ എടുക്കേണ്ടതെന്നുമാണ് അവരുടെ ചോദ്യം.
ഗുർനൂർ ബ്രാർ ഇന്ത്യ എ ടീമിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനായി തിളങ്ങിയെന്നുമാണ് ഇവരുടെ വാദം. ആഖ്വിബ് നബിയുടെ പ്രകടനങ്ങൾ ചർച്ച ചെയ്തെങ്കിലും ടീം കോമ്പിനേഷൻ അനുസരിച്ച് ഗുർനൂറിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അജിത് അഗാർക്കറും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
