കഴിഞ്ഞ ടി20 ലോകകപ്പ് വേളയിൽ ഇന്ത്യ ഇതിനകം പഠിച്ച പാഠം ഗംഭീറും സംഘവും മറന്നുപോയെന്ന് കൈഫ് ചൂണ്ടിക്കാട്ടി. ലോകകപ്പിൽ ഇന്ത്യ ചെയ്ത അതേ തെറ്റാണ് ഇവിടെയും ആവർത്തിക്കുന്നത്.

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യൻ ടീമിന്‍റെ തന്ത്രപരമായ തീരുമാനങ്ങളെയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്‍റെ പരീക്ഷണങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി, പൂർണ്ണമായും ഇടംകൈയ്യൻമാരായ ഓപ്പണിങ് സഖ്യത്തിലേക്ക് ഇന്ത്യ മടങ്ങിപ്പോയത് വലിയ ഹിമാലയൻ മണ്ടത്തരമാണെന്ന് തന്‍റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ, കൈഫ് മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ സഞ്ജുവിന് പകരം 15-കാരനായ വൈഭവ് സൂര്യവംശിയെ ആണ് ഇന്ത്യ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറക്കിയത്. എന്നാൽ 10 പന്തിൽ 14 റൺസെടുത്ത വൈഭവിനെ ഇംഗ്ലണ്ടിന്‍റെ പാർട്ട് ടൈം ഓഫ് സ്പിന്നർ വിൽ ജാക്സ് പുറത്താക്കുകയായിരുന്നു. ഇന്ത്യയുടെ മുൻനിരയിലെ ആദ്യ ഏഴ് ബാറ്റർമാരിൽ ആറ് പേരും ഇടംകൈയ്യൻമാരായത് വിൽ ജാക്സിന് കാര്യങ്ങൾ എളുപ്പമാക്കി. 3 ഓവറിൽ വെറും 22 റൺസ് മാത്രമാണ് ജാക്സ് വിട്ടുകൊടുത്തത്. മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ടി20 ലോകകപ്പ് വേളയിൽ ഇന്ത്യ ഇതിനകം പഠിച്ച പാഠം ഗംഭീറും സംഘവും മറന്നുപോയെന്ന് കൈഫ് ചൂണ്ടിക്കാട്ടി. ലോകകപ്പിൽ ഇന്ത്യ ചെയ്ത അതേ തെറ്റാണ് ഇവിടെയും ആവർത്തിക്കുന്നത്. അവിടെ ഇഷാൻ കിഷനും അഭിഷേക് ശർമ്മയുമാണ് ഓപ്പൺ ചെയ്തത്. എതിരാളികൾ ഓഫ് സ്പിന്നർമാരെ കൊണ്ടുവന്നതോടെ ഇരുവരും പുറത്താകാൻ തുടങ്ങി. ഒരു വലിയ തോൽവി വഴങ്ങുന്നത് വരെ അന്ന് സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ലെന്നും കൈഫ് ഓർമ്മിപ്പിച്ചു.

വലങ്കൈ-ഇടങ്കൈ ഓപ്പണിങ് കോമ്പിനേഷനാണ് ഇന്ത്യക്ക് എപ്പോഴും അനുയോജ്യമെന്ന് കൈഫ് പറഞ്ഞു. ലോകകപ്പിൽ ഓഫ് സ്പിന്നർമാർക്കെതിരെ ഇന്ത്യ ബുദ്ധിമുട്ടിയപ്പോൾ സഞ്ജു സാംസൺ ടീമിലേക്ക് വന്നതോടെയാണ് ആ പ്രശ്നം പരിഹരിക്കപ്പെട്ടത്. അഭിഷേക് ശർമ്മയും വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ദീർഘകാല ഓപ്പണിങ് സഖ്യമാകാൻ കഴിയില്ലെന്നും ടോപ് ഓർഡറിൽ ഒരു വലങ്കൈയ്യൻ ബാറ്റർ നിർബന്ധമാണെന്നും കൈഫ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ചില മത്സരങ്ങളിലെ സഞ്ജുവിന്‍റെ മോശം ഫോമിനെ മുൻനിർത്തി താരത്തെ അളക്കരുതെന്നും കൈഫ് പറഞ്ഞു.

സഞ്ജു ചിലപ്പോൾ 2 അല്ലെങ്കിൽ 3 മത്സരങ്ങളിൽ പരാജയപ്പെട്ടേക്കാം. എന്നാൽ അദ്ദേഹത്തിന്‍റെ കരിയർ എടുത്തുനോക്കൂ, പ്രതിസന്ധികളെ മറികടന്ന് വലിയ സെഞ്ച്വറികൾ നേടാൻ അവന് കഴിയും. അവൻ റണ്ണടിച്ചാൽ അത് എപ്പോഴും വലിയ സ്കോറുകൾ ആയിരിക്കും. സഞ്ജുവിനെ വീണ്ടും ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്നും അഭിഷേക് ശർമ്മയോ വൈഭവ് സൂര്യവംശിയോ മൂന്നാം നമ്പറിലേക്ക് മാറണമെന്നും കൈഫ് പറഞ്ഞു. നമുക്ക് ദീർഘകാല ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. ആര് എവിടെ കളിക്കുമെന്നോ, താൻ അടുത്ത കളിയിൽ ഉണ്ടാകുമോ ഇല്ലയോ എന്നോ കളിക്കാർക്ക് വ്യക്തതയില്ലാത്ത ഒരു സാഹചര്യം ഉണ്ടാകരുത്. ടീമിൽ ഓരോരുത്തരുടെയും റോളുകളെക്കുറിച്ച് വ്യക്തമായ ധാരണ വേണമെന്നും കൈഫ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക