ലോക റാങ്കിംഗിൽ ഒന്നാംസ്ഥാനക്കാരനായ നീരജ് ഉൾപ്പടെ ഏഴുപേരാണ് ജാവലിൻ ത്രോയിൽ മത്സരിക്കുന്നത്. ഈ വർഷം പങ്കെടുത്ത ആറ് ചാമ്പ്യൻഷിപ്പുകളിൽ നാലിലും ചാമ്പ്യനായതിന്‍റെ ആത്മവിശ്വാസവും നീരജിനുണ്ട്.

സൂറിച്ച്: സൂറിച്ച് ഡയമണ്ട് ലീഗ് ഫൈനലിൽ മെഡൽ പ്രതീക്ഷയോടെ മുൻ ചാമ്പ്യൻ നീരജ് ചോപ്ര ഇന്നിറങ്ങും. സൂറിച്ചിലെ ലെറ്റ്സിഗ്രണ്ട് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 11.15 നാണ് മത്സരം തുടങ്ങുക. ഡയമണ്ട് ലീഗിന്‍റെ ഔദ്യോഗിക യുട്യൂബ് പേജില്‍ മത്സരം ലൈവ് സ്ട്രീം ചെയ്യും. 2022ൽ നീരജ് ഇവിടെ സ്വർണം നേടി ചരിത്രം കുറിച്ചിരുന്നു. 2023ലും 2024ലും നീരജ് രണ്ടാം സ്ഥാനത്തായിരുന്നു. ലോക റാങ്കിംഗിൽ ഒന്നാംസ്ഥാനക്കാരനായ നീരജ് ഉൾപ്പടെ ഏഴുപേരാണ് ജാവലിൻ ത്രോയിൽ മത്സരിക്കുന്നത്. സൂറിച്ചില്‍ നീരജിനൊപ്പം മത്സരിക്കുന്ന ഏഴുപേരില്‍ ആറുപേരും ആദ്യ 10 റാങ്കിനുള്ളിലുള്ളവരാണെന്നതിനാല്‍ കടുപ്പമേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സ്, ജൂലിയൻ വെബ്ബർ, കെർഷോം വാൽകോട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ സൂറിച്ചില്‍ നീരജിന് വെല്ലുവിളിയായുണ്ട്. കഴിഞ്ഞ വര്‍ഷം ബ്രസല്‍സില്‍ നടന്ന നടന്ന ഡയമണ്ട് ലീഗില്‍ ഒരു സെന്‍റി മീറ്റര്‍ വ്യത്യാസത്തിലാണ് പീറ്റേഴ്സ് നീരജിനെ പിന്നിലാക്കിയത്. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറാണ് സൂറിച്ചില്‍ നീരജിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താവുന്ന മറ്റൊരു താരം. സീസണില്‍ 91.06 മിറ്റര്‍ എറിഞ്ഞ താരമാണ് വെബ്ബര്‍. ദോഹയില്‍ മുമ്പ് നീരജിനെ വെബ്ബര്‍ തോല്‍പ്പിച്ചിട്ടുമുണ്ട്. 2012ലെ ഒളിംപിക് ചാമ്പ്യനായ ട്രിനാഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോം വാല്‍ക്കോട്ടാണ് നീരജിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള മറ്റൊരു താരം. 86.30 മീറ്ററാണ് സീസണില്‍ വാല്‍ക്കോട്ട് എറിഞ്ഞ മികച്ച ദൂരം.

എങ്കിലും സമ്മര്‍ദ്ദഘട്ടങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള നീരജില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷവെക്കുന്നു. ഈ വര്‍ഷം പങ്കെടുത്ത ആറ് ചാമ്പ്യൻഷിപ്പുകളില്‍ നാലിലും ചാമ്പ്യനായതിന്‍റെ ആത്മവിശ്വാസവും നീരജിനുണ്ട്. സൂറിച്ചില്‍ ചാമ്പ്യനായാല്‍ അടുത്തമാസം ടോക്കിയോയില്‍ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലും നീരജിന് സുവര്‍ണ പ്രതീക്ഷയോടെ ഇറങ്ങാനാവും.

ഈ സീസണിൽ ദോഹ ഡയമണ്ട് ലീഗിൽ കരിയറിലാദ്യമായി നീരജ് 90 മീറ്റര്‍ കടമ്പ പിന്നിട്ടിരുന്നു. ദോഹയില്‍ 90.23 മീറ്റർ പിന്നിട്ട് രണ്ടാം സ്ഥാനം നേടിയ നീരജ് ജൂണില്‍ നടന്ന പാരിസ് ഡയമണ്ട് ലീഗിൽ 88.16 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വർണവും നേടിയിരുന്നു. പിന്നീട് നടന്ന സിലേഷ്യ, ബ്രസല്‍സ് ഡയമണ്ട് ലീഗുകളില്‍ നിന്ന് നീരജ് വിട്ടുനില്‍ക്കുകയായിരുന്നു. ബെംഗളുരുവിൽ നടന്ന നീരജ് ചോപ്ര ക്ലാസിക്കിന് ശേഷം ഇന്ത്യൻ താരത്തിന്‍റെ ആദ്യ മത്സരമാണിത്. നീരജ് ചോപ്ര ക്ലാസിക്കില്‍ 86.18 ദൂരം താണ്ടിയാണ് നീരജ് ചാമ്പ്യനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക