ബാറ്റിംഗ് നിരയിലെ സീനിയറായ സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിർണായകമാകും
ഡബ്ലിന്‍: അയര്‍ലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ഡബ്ലിനിൽ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പ്രതീക്ഷ നിലനിർത്താൻ അയർലൻഡിന് ജയം അനിവാര്യം. ആദ്യ കളി മഴയെടുത്തെങ്കിലും രണ്ട് റൺ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്. സ്പോര്‍ട്‌സ് 18ലൂടെയും ജിയോ സിനിമയിലൂടേയും മത്സരം തല്‍സമയം ഇന്ത്യയില്‍ കാണാം.
പതിനൊന്ന് മാസത്തെ ഇടവേള ബൗളിംഗ് മൂർച്ചയിൽ കുറവ് വരുത്തിയിട്ടില്ലെന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര തെളിയിച്ചത് ടീമിന് വലിയ പ്രതീക്ഷയാകുന്നു. രാജ്യാന്തര ടി20 അരങ്ങേറ്റം ഇരട്ട വിക്കറ്റുമായി പ്രസിദ്ധ് കൃഷ്‌ണ അടയാളപ്പെടുത്തിയതും ആവേശം. ആദ്യ ട്വന്‍റി 20യില്‍ ബാറ്റിംഗ് നിര കാര്യമായി പരീക്ഷിക്കപ്പെട്ടില്ലെങ്കിലും പരമ്പര സ്വന്തമാക്കാൻ ഇറങ്ങുമ്പോൾ യുവ ഇന്ത്യക്ക് ആശങ്കകൾ ഒന്നുമില്ല. തിലക് വർമ്മ പൂജ്യത്തിന് പുറത്തായെങ്കിലും ഇന്നും അദേഹത്തിന് അവസരം നൽകും. ഓപ്പണിംഗിൽ യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ് കൂട്ടുകെട്ടിൽ മാറ്റമുണ്ടാവില്ല. ബാറ്റിംഗ് നിരയിലെ സീനിയറായ സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിർണായകമാകും. ജിതേശ് ശര്‍മ്മ അവസരം കാത്ത് പുറത്തിരിപ്പുണ്ട്. വീണ്ടും അവസരം പ്രതീക്ഷിച്ച് റിങ്കു സിംഗും ശിവം ദുബെയും സ്ക്വാഡിലുണ്ട്.
അതേസമയം ആദ്യ മത്സരത്തില്‍ 59 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടമായിട്ടും ഭേദപ്പെട്ട സ്കോർ നേടാനായതിന്‍റെ ആശ്വാസത്തിലാണ് അയർലൻഡ്. മുൻനിര കൂടി റണ്ണടിച്ചാൽ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി അയര്‍ലന്‍ഡിന് ഉയർത്താനാവും. ട്വന്‍റി 20 ഫോര്‍മാറ്റില്‍ അയർലൻഡുമായി ഇതുവരെ കളിച്ച ആറ് മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം.
അയർലന്‍ഡിനെതിരായ ഇന്ത്യന്‍ ട്വന്‍റി 20 സ്ക്വാഡ്: ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്(വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ജിതേശ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്‌ണ, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍.
Read more: സഞ്ജു സാംസണ്‍ പുറത്താകുമോ? പരമ്പര ജയിക്കാന്‍ ഇന്ത്യ; രണ്ടാം ട്വന്‍റി 20യിലെ സാധ്യതാ ഇലവന്‍
