ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്.
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ കിരീട പോരാട്ടത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ ഏറ്റുമുട്ടും. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യ കീരീടം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്.
2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടിയപ്പോള്‍ 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്. ഹോം ഗ്രൗണ്ടില്‍ മൂന്നാം തവണ കലാശപ്പോരിന് ഇറങ്ങുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. അജയ്യരെന്ന വിശേഷണമുള്ള ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ മുന്‍ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കക്ക് കരുത്താകും.
മത്സരം എവിടെ
നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് കിരീടപ്പോരാട്ടത്തിന് വേദിയാവുന്നത്. ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനല്‍ പോരാട്ടവും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു നടന്നത്. സെമിയിലേതുപോലെ ബാറ്റര്‍മാരെ തുണക്കുന്ന വിക്കറ്റായിരിക്കും കിരീടപ്പരാട്ടത്തിനുമെന്നാണ് സൂചനകള്‍. സെമിയില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് ഇന്ത്യ റെക്കോര്‍ഡിട്ടിരുന്നു.
മത്സര സമയം, കാണാനുള്ള വഴികള്‍
ഇന്ത്യൻ സമയം ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് കിരീടപ്പോരാട്ടം തുടങ്ങുക. 2.30നാണ് മത്സരത്തിന് ടോസിടുക. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ),സ്മൃതി മന്ദാന,ഹർലീൻ ഡിയോൾ,ജെമിമ റോഡ്രിഗസ്,റിച്ച ഘോഷ്,രേണുക സിംഗ് താക്കൂർ,ദീപ്തി ശർമ്മ,സ്നേഹ റാണ,ക്രാന്തി ഗൗഡ്,ശ്രീ ചരണി,രാധാ യാദവ്,അമൻജോത് കൗർ,അരുന്ധതി റെഡ്ഡി,ഉമ ചേത്രി,ഷഫാലി വർമ.
ദക്ഷിണാഫ്രിക്കൻ ടീം: ലോറ വോൾവാർഡ് (ക്യാപ്റ്റൻ),അയബോംഗ ഖാക്ക, ക്ലോ ട്രിയോൺ, നദീൻ ഡി ക്ലർക്ക്,മരിസാൻ കാപ്പ്, എസ്മിൻ ബ്രിട്ട്സ്,സിനാലോ ജാഫ്ത,നോൺകുലുലെക്കോ മ്ലാബ,ആനെറി ഡെർക്സെൻ,അനെക്കെ ബോഷ്,മസാബത ക്ലാസ്,സുനെ ലൂസ്,കരാബോ മെസോ,തുമി സെഖുഖുനെ, നൊണ്ടുമിസോ ഷാംഗസെ


