ഹാര്‍ദിക്കാണോ അതോ രോഹിത് ശര്‍മ്മയായിരിക്കുമോ ലോകകപ്പില്‍ ടീം ഇന്ത്യയെ നയിക്കുക എന്ന് ഇപ്പോള്‍ വ്യക്തമല്ല

ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ ചികില്‍സയിലാണ്. ദക്ഷിണാഫ്രിക്കയില്‍ ഇന്നാരംഭിക്കുന്ന ട്വന്‍റി 20 പരമ്പരയില്‍ ഹാര്‍ദിക് കളിക്കുന്നില്ല. ഹാര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവമാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് എപ്പോള്‍ മൈതാനത്തേക്ക് തിരിച്ചെത്താനാകും എന്ന കാര്യത്തില്‍ അപ്‌ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 

2024 ജനുവരിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയ്‌ക്കായി ഹാര്‍ദിക് പാണ്ഡ്യ പൂര്‍ണ ആരോഗ്യവാനായിരിക്കും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ഇന്ത്യന്‍ ടീമിനെ സന്തുലിതമാക്കുന്ന ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ടീമിന് തിരിച്ചടിയായ പശ്ചാത്തലത്തിലാണ് സന്തോഷ വാര്‍ത്ത പുറത്തുവരുന്നത്. വരും വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിനെ സജ്ജമാക്കുമ്പോള്‍ നിര്‍ണായകമാണ് ഹാര്‍ദിക്കിന്‍റെ സാന്നിധ്യം. ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാകും അഫ്‌ഗാനെതിരെ നടക്കുന്നത്. ജൂണ്‍ മാസത്തിലാണ് ലോകകപ്പ് അരങ്ങേറുക. ഹാര്‍ദിക്കാണോ അതോ രോഹിത് ശര്‍മ്മയായിരിക്കുമോ ലോകകപ്പില്‍ ടീം ഇന്ത്യയെ നയിക്കുക എന്ന് ഇപ്പോള്‍ വ്യക്തമല്ല. രോഹിത് വൈറ്റ്-ബോള്‍ ക്യാപ്റ്റന്‍സി പൂര്‍ണമായും ഒഴിഞ്ഞാല്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാകും ഇന്ത്യന്‍ ടീമിനെ നയിക്കുക.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ മൂന്ന് ടി20കളുടെ പരമ്പരയിലാണ് സൂര്യകുമാര്‍ യാദവിന്‍റെ നായകത്വത്തില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ആദ്യ ട്വന്‍റി 20 ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്ക് ഡര്‍ബനില്‍ നടക്കും. ഡിസംബര്‍ 12, 14 തിയതികളിലാണ് രണ്ടും മൂന്നും ടി20കള്‍. ഓസ്ട്രേലിയയെ അഞ്ച് ടി20കളുടെ പരമ്പരയില്‍ 4-1ന് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. ട്വന്‍റി 20 പരമ്പരയ്‌ക്ക് ശേഷം നടക്കുന്ന ഏകദിന മത്സരങ്ങള്‍ക്കും ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുത്തിട്ടില്ല. 

Read more: അഫ്രീദിയുമായുള്ള ഉടക്കിനെ കുറിച്ച് ചോദ്യം, കലിപ്പായി ഗൗതം ഗംഭീര്‍; വേറെ ഒന്നും പറയാനില്ലേന്ന് മറുചോദ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം