മാക്സ്‌വെല്ലിന്‍റെ വിജയ സിക്സർ കണ്ട് വിരാട് കോലിയെ പരിഹസിച്ചുവെന്ന വ്യാജ വാർത്തക്കെതിരെ തുറന്നടിച്ച് ഗംഭീർ
വാര്‍ത്ത പിന്‍വലിച്ചതിന് സിഎന്‍എന്‍ ന്യൂസ് 18നോട് നന്ദി പറഞ്ഞ ഗംഭീര്‍ വെറുപ്പ് പരത്തി പണമുണ്ടാക്കുന്നതിനേക്കാള്‍ മികച്ച മാര്‍ഗങ്ങള്‍ വേറെയുണ്ടെന്നും ഇതേ വാര്‍ത്ത നല്‍കിയ മറ്റ് മാധ്യമങ്ങളും വാര്‍ത്ത പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

ദില്ലി: ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് പോരാട്ടത്തിന്‍റെ ലൈവ് കമന്‍ററിക്കിടെ വിരാട് കോലിക്കെതിരെ ഒളിയമ്പെയ്തു പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. തോല്‍വിയിലേക്ക് കൂപ്പുകുത്തിയ ഓസ്ട്രേലിയയെ അവിശ്വസനീയ ഇന്നിംഗ്സിലൂടെ ഗ്ലെന്‍ മാക്സ്‌വെല്‍ വിജയത്തിലെത്തിച്ചിരുന്നു. വ്യക്തിഗത സ്കോര്‍ 195ല്‍ നില്‍ക്കെ മാക്സ്‌വെല്‍ സിക്സ് അടിച്ച് ഡബിള്‍ സെഞ്ചുറിയും ടീമിന്‍റെ വിജയവും പൂര്‍ത്തിയാക്കി.
ഈ സമയം കമന്‍ററി ബോക്സിലുണ്ടായിരുന്ന ഗംഭീര്‍ കോലിയായിരുന്നു ഈ സാഹചര്യത്തില്‍ ക്രീസിലെങ്കില്‍ അഞ്ച് സിംഗിളുകളെടുക്കാന്‍ ശ്രമിക്കുമായിരുന്നുവെന്ന് പറഞ്ഞുവെന്നായിരുന്നു ദേശീയ ചാനലായ സിഎന്‍എന്‍ ന്യൂസ് 18 വാര്‍ത്ത നല്‍കിയത്. എന്നാല്‍ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് എക്സില്‍ പങ്കുവെച്ച ഗംഭീര്‍ എന്തൊരു അസംബന്ധമാണിതെന്നും തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് തുറന്നു പറയുമെന്നും ഗംഭീര്‍ കുറിച്ചു. സിഎന്‍എന്‍ ന്യൂസ് 18 മാപ്പു പറയണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.
ലോകകപ്പില്‍ അങ്ങനെ സംഭവിച്ചപ്പോഴൊക്കെ ഓസ്ട്രേലിയ കിരീടവുമായെ മടങ്ങിയിട്ടുള്ളു; ഇന്ത്യ കരുതിയിരിക്കണം
പിന്നാലെ ഗൗതം ഗംഭീറിനോട് സിഎന്‍എന്‍ ന്യൂസ് 18 വാര്‍ത്ത പിന്‍വലിച്ചതായും സംഭവത്തില്‍ ഗംഭീറിനെ വിഷമിപ്പിച്ചതില്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തു. വാര്‍ത്ത പിന്‍വലിച്ചതിന് സിഎന്‍എന്‍ ന്യൂസ് 18നോട് നന്ദി പറഞ്ഞ ഗംഭീര്‍ വെറുപ്പ് പരത്തി പണമുണ്ടാക്കുന്നതിനേക്കാള്‍ മികച്ച മാര്‍ഗങ്ങള്‍ വേറെയുണ്ടെന്നും ഇതേ വാര്‍ത്ത നല്‍കിയ മറ്റ് മാധ്യമങ്ങളും വാര്‍ത്ത പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനെതിരെ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 92-7ലേക്ക് കൂപ്പുകുത്തിയശേഷമായിരുന്നു മാക്സ്‌വെല്ലിന്‍റെ മാസ്മരിക ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ ജയിച്ചു കയറിയത്. 12 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും മാക്സ്‌വെല്ലിന് പിന്തുണ നല്‍കി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടിയ വിരാട് കോലി സെഞ്ചുറിയടിച്ച് സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനായി അവസാന ഓവറുകളില്‍ സിംഗിളുകളെടുത്തു കളിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയായിരുന്നു ഗംഭീറിന്‍റെ പരാമര്‍ശമെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചത്. ഇതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക